ന്യൂദല്‍ഹി: പ്രമുഖ ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ പുതിയ മോഡലായ എസ്.എല്‍.കെ 350 ഇന്ത്യന്‍ വിപണിയില്‍. 61.9 ലക്ഷം രൂപയാണ് കമ്പനിയുടെ മൂന്നാം തലമുറ വിഭാഗത്തില്‍ പെടുന്ന പുതിയ കാറിന്റെ വില. പെട്രോല്‍ മോഡലായ കാര്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് വില്‍ക്കാനാണ് ഉദ്യേശി്ക്കുന്നത്.

ഒന്‍പത് കളറുകളില്‍ കാര്‍ ലഭ്യമാവും. ലിറ്ററിന് 8 കിലോമീറ്ററാണ് കാറിന്റെ മൈലേജ്. മൂന്നര മീറ്റര്‍ എന്‍ജിന്‍ കരുത്തുറ്റ പ്രകടനം കാഴ്ചവയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗമാര്‍ജ്ജിക്കാന്‍ 5.6 സെക്കന്റ് മതിയെന്നും പരമാവധി 250 കിലോമീറ്റര്‍ വരെ വേഗത്തില്‍ കുതിക്കാനാവുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

ആകര്‍ഷകമായ ഘടനയും രാജകീയമായ ഡിസൈനിംഗുമാണ് കാറിന്റെ മറ്റ് മുഖ്യ സവിശേഷതകള്‍. പ്രധാനമായും യുവാക്കളായ ബിസിനസ്സുകാരെയാണ് പുതിയ മോഡലിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഏതായാലും എസ്.എല്‍.കെ 350ന്റെ വരവ് ഈ വിഭാഗത്തിലെ എതിരാളികളായ ബി.എം.ഡബഌൂവിനും ഓഡിക്കും കനത്ത വെല്ലുവിളിയാവുമെന്നാണ് കരുതുന്നത്.