എറണാകുളം: പിറവം ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ മനോരോഗികളും ഉള്‍പ്പെട്ടു. മത്സരിക്കാനുള്ള മനോരോഗികളുടെ അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. മുത്തോലപുരം മറിയാലയത്തിലുള്ളവരുടെ അപേക്ഷകളാണ് സ്വീകരിച്ചത്.

വോട്ടര്‍പട്ടികയില്‍ മനോരോഗികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയോട്, സ്വയം തിരിച്ചറിയാന്‍ കഴിയുന്നവരെയാണ് ഉള്‍പ്പെടുത്തിയതെന്ന് തഹസില്‍ദാര്‍ പ്രതികരിച്ചു. വോട്ടര്‍ പട്ടികയില്‍ മനോരാഗികളുണ്ടെന്ന് എല്‍.ഡി.എഫ് നേരത്തെ പരാതിപ്പെട്ടിരുന്നു. പിറവത്തെ അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് നാളെയാണ് പൂര്‍ത്തിയാകുക.

അതേസമയം, പിറവം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ തങ്ങളുടെ സ്വത്തുവിവരം വെളിപ്പെടുത്തി. ഇടതു സ്ഥാനാര്‍ഥി എം.ജെ. ജേക്കബിനു 1.22 കോടി രൂപയുടെയും യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിനു 3.06 കോടി രൂപയുടെയും സ്വത്തുവകകളുണ്ട്. ഇതു സംബന്ധിച്ച സത്യവാങ്മൂലം നാമനിര്‍ദേശ പത്രികക്കൊപ്പം സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പു വരണാധികാരിക്കു സമര്‍പ്പിച്ചു.

2,96,07500 രൂപയുടെ സ്ഥാവര വസ്തുക്കളും 9,88,170 രൂപയുടെ ജംഗമ വസ്തുക്കളും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ അനൂപ് ജേക്കബിനുണ്ട്. ഭാര്യ അനിലയുടെ പേരില്‍ 1,55,00,000 രൂപയുടെ സ്ഥാവര വസ്തുക്കളും 33,23,099 രൂപയുടെ ജംഗമ വസ്തുക്കളുമുണ്ട്. അനൂപ് ജേക്കബിന്റെ കൈവശമായുള്ളത് 35,000 രൂപയും ഭാര്യ അനിലയുടെ കൈവശമായുള്ളത് 25,000 രൂപയുമാണ്. 21 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും അനിലക്കുണ്ട്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജെ. ജേക്കബിന്റെ കൈവശം 12,000 രൂപയും ഭാര്യയുടെ കൈവശം ഒമ്പതിനായിരം രൂപയുമാണുള്ളത്. 4,217 രൂപയുടെ ബാങ്ക് നിക്ഷേപവും 60 ലക്ഷം രൂപയുടെ ഭൂമിയും 2,200 ചതുരശ്രഅടി വിസ്തൃതിയുള്ള വീടും എം.ജെ. ജേക്കബിന്റെ പേരിലുണ്ട്. വിവിധ ബാങ്കുകളില്‍ നിന്നു 13,15,832 രൂപയുടെ വായ്പ ജേക്കബ് എടുത്തിട്ടുണ്ട്. 6,200 രൂപ വില വരുന്ന 1974 മോഡല്‍ മോട്ടൊര്‍ സൈക്കിളും 4,65,000 രൂപ വില വരുന്ന 2006 മോഡല്‍ കാറും എം.ജെ ജേക്കബിനുണ്ട്.

Malayalam news

Kerala news in English