എഡിറ്റര്‍
എഡിറ്റര്‍
രവീന്ദ്ര സംഗീതത്തിന്റെ ഓര്‍മ്മകള്‍ക്ക് ഒമ്പതാണ്ട്
എഡിറ്റര്‍
Sunday 2nd March 2014 5:45pm

raveendhran

നികത്താന്‍ ഒരു പുതിയ സംഗീതത്തിനുമാവാത്ത വിടവവശേഷിപ്പിച്ച് മലയാള സിനിമാ ലോകത്തു നിന്ന് രവീന്ദ്രന്‍ മാസ്റ്റര്‍ യാത്രയായിട്ട് ഇന്നേയ്ക്ക് ഒമ്പതാണ്ട്.

ക്ലാസിക്‌സ് എന്ന തലക്കെട്ടില്‍ മലയാളികള്‍ എന്നും നെഞ്ചിലേറ്റുന്ന ഗാനങ്ങളില്‍ ഏറെയും രവീന്ദ്രന്‍ മാസ്റ്ററുടേതാണ്. ഭരതവും, ഹിസ്‌ഹൈനസ് അബ്ദുള്ളയും, ആറാം തമ്പുരാനുമെല്ലാം ഏറ്റവും സുപരിചിതമായ രവീന്ദ്ര സംഗീതമാണ്.

എന്നാല്‍ മെലഡി സ്പര്‍ശമുള്ള മാസ്റ്ററുടെ പല ഗാനങ്ങളും മലയാളി മറന്നു തുടങ്ങി. എക്കാലവും ആഘോഷിയ്ക്കപ്പെട്ട സംഗീതത്തിനിടയില്‍ നഷ്ടമായവ.

ചൂളയിലെ താരകേ മിഴിയിതലില്‍ കണ്ണീരുമായി, നമ്മള്‍ തമ്മില്‍ എന്ന ചിത്രത്തിലെ ഹൃദയം ഒരു വീണയായ്, അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ ഏതോ നിദ്ര തന്‍ പൊന്‍മയില്‍ പീലിയായ്…. തുടങ്ങിയ ഗാനങ്ങള്‍  കൃത്യമായി ഔട്ട്‌ലൈന്‍ തീര്‍ത്തൊതുങ്ങിയ സംഗീത പ്രേമികളുടെ ഹൃദയത്തില്‍ മാത്രമവശേഷിച്ചു.

എങ്കിലും ഒരു പരാജയമായി ആര്‍ക്കും ഒരിക്കല്‍ പോലും വിലയിരുത്താനാവാത്ത വിധം രവീന്ദ്രന്‍ മാസ്റ്റര്‍ തന്റെ സംഗീത ജീവിതത്തെ അനശ്വരമാക്കി.

ഏറെ കഷ്ടപ്പാടുകള്‍ക്ക് ശേഷമാണ് രവീന്ദ്രന്‍ എന്ന സാധാരണക്കാരന്‍ അറിയപ്പെടുന്ന സംഗീത സംവിധായകനാവുന്നത്. ആദ്യ ചിത്രമായ ചൂള തന്നെ രവീന്ദ്രനെ മലയാള സിനിമാ സംഗീത ലോകത്ത് രേഖപ്പെടുത്തി.

പിന്നെ തൊട്ടതെല്ലാം ഗന്ധര്‍വ സംഗീതമായി. 2005 മാര്‍ച്ച് മൂന്നിന് മരിയ്ക്കുന്നതു വരെയും സംഗീതത്തിനു തന്നെ അര്‍പ്പിച്ചു മുഴുവന്‍ ജീവിതവും.

രണ്ട് തവണ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും ഒരു തവണ ദേശീയ പുരസ്‌കാരവും ലഭിച്ചു. എങ്കിലും എന്നെന്നും ഓര്‍മ്മയില്‍ മുഴങ്ങിക്കേള്‍ക്കുന്ന ആര്‍ദ്ര സംഗീതത്തിന് മലയാളികള്‍ നല്‍കിയ സ്‌നേഹം തന്നെ രവീന്ദ്രന്‍ മാസ്റ്റര്‍ക്കുള്ള ആദരം.

Advertisement