Categories

മേഘയെ അംഗീകരിക്കാനില്ല; രേഖകള്‍ വെട്ടിത്തിരുത്തി

sikkim lotteryകൊച്ചി: മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഭൂട്ടാന്‍ ലോട്ടറിയുടെ ഔദ്യോഗിക പ്രമോട്ടറായി അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതിനാല്‍ അവരില്‍ നിന്നും മുന്‍കൂര്‍ നികുതി സ്വീകരിക്കാനാവില്ല. മേഘ ഹാജരാക്കിയ രേഖകള്‍ വെട്ടിത്തിരുത്തിയതാണ്. പ്രധാനപ്പെട്ട ഭാഗങ്ങള്‍ മായ്ച്ചു കളഞ്ഞുവെന്നും വാണിജ്യ നികുതി വകുപ്പ് കോടതിയെ അറിയിച്ചു.

ഭൂട്ടാന്‍ സര്‍ക്കാരിന് മേഘയുമായി കരാറില്ലെന്നും ഭൂട്ടാന്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട മോണിക്ക എന്റര്‍പ്രൈസസിന്റെ മൂന്നാമത്തെ സബ് കമ്പനിയായിട്ടാണ് മേഘ വിതരണം ഏറ്റെടുത്തിരിക്കുന്നതെന്നും നികുതിവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂട്ടാന്‍ സര്‍ക്കാറില്‍ നിന്ന് ലോട്ടറി വിതരണത്തിന്റെ കരാര്‍ ഏറ്റിട്ടുള്ള മോണിക്കയുമായും മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് നേരിട്ട് കരാറില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ കേരള പേപ്പര്‍ ലോട്ടറി ആക്ട് പ്രകാരം മേഘയെ അംഗീകരിക്കാനാകില്ലെന്നാണ് നികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ മേഘയെ പ്രമോട്ടര്‍മാരായി അംഗീകരിക്കാന്‍ തയ്യാറുണ്ടോ എന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കിയത്.

കരാറുകളുടെ ഒറിജനല്‍ പ്രതികള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച വാണിജ്യ നികുതി വകുപ്പ് മേഘയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ ഒറിജനല്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാല്‍ ഇതുവരെ ഈ രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്ന് വാണിജ്യനികുതി വകുപ്പ് കോടതിയില്‍ അറിയിച്ചു. കേസില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.