Categories

മേഘയും ഭൂട്ടാന്‍ സര്‍ക്കാറും തമ്മില്‍ കരാറില്ല

sikkim lotteryതിരുവനന്തപുരം: മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സും ഭൂട്ടാന്‍ സര്‍ക്കാറും തമ്മില്‍ കരാറില്ലെന്ന് വ്യക്തമാവുന്ന രേഖകള്‍ പുറത്തായി. ഭൂട്ടാന്‍ ലോട്ടറിയുടെ അംഗീകൃത വിതരണക്കാരാണ് തങ്ങളെന്ന് തെളിയിക്കുന്നതിന് മേഘ വാണിജ്യ വകുപ്പിനും ഹൈക്കോടതിക്കും നല്‍കിയ രേഖകളില്‍ നിന്നാണ് ഇത് വ്യക്തമാകുന്നത്. മേഘക്ക് കരാര്‍ ലഭിച്ചത് കോയമ്പത്തൂരിലെ ബെസ്റ്റ് ഏന്റ് കമ്പനിയില്‍ നിന്നെണെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.

അതേസമയം മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഭൂട്ടാന്‍ ലോട്ടറിയുടെ അംഗീകൃത പ്രമോട്ടര്‍മാരാണെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. 2005 മുതല്‍ കേരളത്തിലെ ഭൂട്ടാന്‍ ലോട്ടറികളുടെ വിതരണാവകാശം മേഘയ്ക്കാണെന്ന് നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി മാരപാണ്ഡ്യന് അയച്ച കത്തില്‍ കേന്ദ്രം വ്യക്തമാക്കുന്നു.

29 ന് കേന്ദ്രം അയച്ച കത്ത് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. അതേസമയം ഭൂട്ടാന്‍ ലോട്ടറികള്‍ അച്ചടിക്കുന്ന സെക്യൂരിറ്റി പ്രസിനെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചോദ്യത്തിന് കേന്ദ്രം മറുപടി നല്‍കിയിട്ടില്ല. അന്യസംസ്ഥാന ലോട്ടറികള്‍ അച്ചടിക്കുന്നത് സെക്യൂരിറ്റി പ്രസിലല്ലെന്ന് നേരത്തെ വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇക്കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം ചോദിച്ചത്.

മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സുമായും മോണിക്ക എന്റര്‍പ്രൈസസുമായും ഭൂട്ടാന്‍ സര്‍ക്കാരിന് കരാറുണ്ടോ എന്നതുള്‍പ്പെടെയുള്ള ആറ് ചോദ്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് മുന്‍പാകെ ഉന്നയിച്ചിരുന്നത്. ഭൂട്ടാന്‍ സര്‍ക്കാരുമായുള്ള വിതരണാവകാശക്കരാര്‍ മോണിക്ക എന്റര്‍പ്രൈസസിനാണെന്നും ഇക്കാര്യം ഭൂട്ടാന്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം മറുപടിയില്‍ വ്യക്തമാക്കുന്നു. സബ് ഏജന്‍സിയായിട്ടാണ് മേഘയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

മൊത്തവിതരണക്കാരില്‍ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും 2005 മുതല്‍ മേഘയാണ് കേരളത്തിലെ ഭൂട്ടാന്‍ ലോട്ടറികളുടെ വിതരണക്കാരെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ലോട്ടറിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നതാണ് കേന്ദ്രത്തിന്റെ വിശദീകരണം. മേഘ അംഗീകൃത പ്രമോട്ടര്‍മാരാണോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നായിരുന്നു കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിരുന്ന നിലപാട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.