എഡിറ്റര്‍
എഡിറ്റര്‍
കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ കേസിലെ പ്രതി പിടിയില്‍
എഡിറ്റര്‍
Thursday 13th September 2012 9:45am

ന്യൂദല്‍ഹി: ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് റാഞ്ചിക്കൊണ്ടുപോയവര്‍ക്ക് സഹായം നല്‍കിയ തീവ്രവാദി മെഹ്‌റാജുദ്ദീന്‍ ദന്ദ് ജമ്മുകാശ്മീരില്‍ അറസ്റ്റിലായി.

ജാവേദ് എന്ന പേരിലും അറിയപ്പെടുന്ന ഇയാള്‍ ജമ്മുകാശ്മീരിലെ കിശ്താര്‍ ജില്ലയിലാണ് അറസ്റ്റിലായത്. ഇന്ത്യ പാക്കിസ്ഥാന് കൈമാറിയ 20 കൊടും ഭീകരരുടെ പട്ടികയിലുള്ളയാളാണ് മെഹ്‌റാജുദ്ദീന്‍ ദന്ദ്.

Ads By Google

1996 ല്‍ ന്യൂദല്‍ഹിയിലെ ലജ്പത് നഗറില്‍ നടന്ന സ്‌ഫോടനവുമായും ജാവേദിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ തലവന്‍ സയീദ് സലാഹുദീന്‍, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം എന്നിവരുമായി ജാവേദിന് ബന്ധമുണ്ടെന്നതിന്റെ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നു.

20 വര്‍ഷമായി ഇയാള്‍ ജമ്മുകാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. 1999 ഡിസംബര്‍ 24 നാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി 814 വിമാനം തീവ്രവാദികള്‍ റാഞ്ചിയത്.

നേപ്പാളില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ഉടന്‍ തീവ്രവാദികള്‍ റാഞ്ചി. അമൃതസറിലും ദുബായിലും പാകിസ്ഥാനിലെ ലാഹോറിലും ഇറക്കിയ വിമാനം കാണ്ഡഹാറിലേക്ക് കൊണ്ടുപോയി.

ഒരു യാത്രക്കാരനെ തീവ്രവാദികള്‍ വധിച്ചു. യാത്രക്കാരെ ഏഴു ദിവസം ബന്ദികളാക്കിയ തീവ്രവാദികള്‍ മൂന്ന് കുപ്രസിദ്ധ തീവ്രവാദികളെ വിട്ടയക്കാന്‍ ഇന്ത്യ തയ്യാറായതിനെ തുടര്‍ന്ന് എല്ലാ യാത്രക്കാരെയും മോചിപ്പിച്ചു. ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസര്‍ അടക്കമുള്ള തീവ്രവാദികളെയാണ് അന്ന് ഇന്ത്യ മോചിപ്പിച്ചത്. അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങാണ് തീവ്രവാദികളെ പ്രത്യേക വിമാനത്തില്‍ കാണ്ഡഹാറില്‍ എത്തിച്ചത്.

Advertisement