എഡിറ്റര്‍
എഡിറ്റര്‍
നീയും ഞാനും നിര്‍ത്താതെ കരഞ്ഞ ജൂണിന്റെ ഓര്‍മയ്ക്ക്
എഡിറ്റര്‍
Wednesday 6th June 2012 4:21pm

മെഹ്ഫില്‍/സരിത കെ വേണു

ചില ഓര്‍മകളുടെ വിത്തുകള്‍ നാം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നു. ഒരു വേനല്‍മഴയില്‍ പൊട്ടിമുളക്കാന്‍ പാകത്തിന്. ചില മഴനേരങ്ങളില്‍ അവ മനസ്സില്‍ അറിയാതെ മുളപൊട്ടുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യമായി സ്‌കൂളില്‍ പോയതിന്റെ ഓര്‍മ ദിനമായിരുന്നു ഇന്നലെ. നീയും ഞാനും നിര്‍ത്താതെ കരഞ്ഞ ആ ജൂണിന്റെ ഓര്‍മ. ഇന്ന് സ്‌കൂളില്‍ പറഞ്ഞു വിടാന്‍ എനിക്ക് ആരുമില്ല, പണ്ട് പോയതിന്റെ ഓര്‍മയല്ലാതെ. എന്തായിരുന്നു എന്നറിയില്ല രാവിലെ മുതല്‍ മനസ്സ് അസ്വസ്ഥമായിരുന്നു. എന്തൊക്കയോ കുറവുകള്‍കൊണ്ട് എന്റെ മനസ്സ് നിറയുന്നത് ഞാന്‍ അറിഞ്ഞു. ആ പഴയകാലത്തേക്ക് തിരിച്ചുപോകാന്‍ ഒരു വെമ്പല്‍. അപ്പോഴാണ് പെട്ടെന്ന് ആ ഗാനം മനസ്സിലേക്ക് വന്നത്.

യെ ദൗലത്ത് ഭി ലേ ലോ,
യെ ഷൊഹരത്ത് ഭി ലേലോ,
ഭലേ ഛീന്‌ലോ
മുഝ് സെ മേരി ജവാനി,
മഗര്‍ മുഝ് കൊ ലൗട്ടാ ദോ
വൊ ബച്പന്‍ ക സാവാന്‍
വൊ കാഗസ് കി കഷ്ത്തി
വോ ബാരിഷ് കി പാനി

‘ഈ സമ്പാദ്യം മുഴുവനും എടുത്തോളൂ; ഈ പെരുമയും. വേണമെങ്കില്‍ എന്റെ യുവത്വവും എടുക്കാം. എന്നിട്ട് എനിക്കെന്റെ ആ കുട്ടിക്കാലം തിരികെ തന്നാലും. ആ കടലാസു തോണിയും മഴവെള്ളവും തിരികെ തന്നാലും.’

സുദര്‍ശന്‍ ഫകീറിന്റെ കവിത സംഗീതം നല്‍കി ആലപിക്കുകയാണ് ജഗ്ജിത്ത് സിങ്. കൂടെ ഭാര്യ ചിത്ര സിങും. ഹൃദയത്തില്‍ ഒരു കുരുക്കിട്ട് വലിക്കുന്ന വേദനയാണ് ഗാനം നമുക്ക് പ്രധാനം ചെയ്യുന്നത്. എന്റെ ചില ഏകാന്തതകളില്‍, കുട്ടിക്കാലത്തിന്റെ സ്മൃതികള്‍ നിറയ്ക്കാന്‍ ഈ ഗാനം കടന്നുവരുമായിരുന്നു. എന്നോ ദൂരദര്‍ശനില്‍ കണ്ടതാണ്, അതും ഒരു ഗസലായി. പിന്നെയും എത്രയോ കഴിഞ്ഞാണ് ഈ ഗാനം സിനിമയിലും ഉണ്ട് എന്നു മനസ്സിലായത്. 1985ല്‍ പുറത്തിറങ്ങിയ ആജ് എന്ന ചിത്രത്തില്‍.

കുട്ടിക്കാലത്തിന്റെ എല്ലാ നല്ല ഓര്‍മകളേയും തന്റെ കവിതയില്‍ ഇഴചേര്‍ത്തിട്ടുണ്ട്, ഇതില്‍ കവി. വര്‍ഷങ്ങളുടെ കാവല്‍ നല്‍കിയ ചുളിവുകള്‍ വീണ മുഖത്തോടുകൂടിയ മുത്തശ്ശി, അവരുടെ വാക്കുകളില്‍ നിറയെ വസിച്ചിരുന്നത് മാലാഖമാരായിരുന്നു. ആ ചെറിയ രാത്രികളും ഒരിക്കലും തീരാത്ത കഥയുമായി അവര്‍ ഇന്നും നമ്മുടെ ഓര്‍മകളെ ജീവസ്സുറ്റതാക്കുന്നു.

കടുത്ത വെയിലില്‍ വീട്ടില്‍നിന്നും ഇറങ്ങി, കിളികളെയും മറ്റും തേടി നടക്കല്‍, ശലഭങ്ങളെ പിടിക്കല്‍, പാവകളുടെ കല്യാണത്തിന് അടികൂടല്‍, ഊഞ്ഞാലില്‍ നിന്നും വീഴലും എണീക്കലും, ആ സ്‌നേഹസമ്മാനങ്ങള്‍, പിന്നെ ആ പൊട്ടിയ കുപ്പിവളകളുടെ അടയാളങ്ങള്‍.

സത്യം, എല്ലാം ഇന്നും എന്റേയും നിന്റേയും ഓര്‍മകളുടെ ആ പെട്ടിയില്‍ സുരക്ഷിതമായിരിക്കുന്നു. ചിത്ര സിങ് അത് പാടുമ്പോള്‍ മനസ്സ് വിതുമ്പാതെ ഇരിക്കുന്നതെങ്ങിനെയാണ്.

പിന്നെയും നാം കേള്‍ക്കുന്ന വരികള്‍ അതിങ്ങനെയാണ്, ‘മണലില്‍ നാം എത്രയെത്ര വീടുകള്‍ ഉണ്ടാക്കി. എന്നിട്ട് മായ്ച്ച് കളഞ്ഞു. നമ്മുടെ സ്‌നേഹത്തിന്റെ നിഷ്‌കളങ്ക ചിത്രം, സ്വപ്‌നങ്ങളുടേയും കളിപ്പാട്ടങ്ങളുടേയും ആ സാമ്രാജ്യം, ഈ ലോകത്തെ കുറിച്ച് യാതൊരു ദുഃവുമില്ലാതെ, ബന്ധങ്ങളുടെ കെട്ടുപാടുകളില്ലാതെ ആ ജീവിതം എത്ര മനോഹരമായിരുന്നു. ശരിയാണ് ഈ ഗസല്‍  ആസ്വാദകരില്‍ തീര്‍ക്കുന്നൊരു ലോകമുണ്ട് ഒരുപാട് ഓര്‍മകളുടെ ഒരു ലോകം. നാം എന്നും തിരികെ പോകാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ ഒരിക്കലും എത്തിച്ചേരാന്‍ സാധിക്കാത്ത ആ കാലത്തിന്റെ അടയാളപ്പെടുത്തല്‍ ഈ ഗാനം നടത്തുന്നു. അത് ജഗജിത്ത് സിങും ചിത്രാ സിങുമാണെങ്കില്‍ പറയേണ്ടതുണ്ടോ സത്യമായിട്ടും എനിക്ക് കരച്ചില്‍ വരുന്നു.

Advertisement