ജമ്മുകാശ്മീര്‍: രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ സഹോദരന്‍ താസ്സിക് ഹുസൈന്‍.

സഹോദരന്റെ കാബിനറ്റ് പ്രവേശനത്തെപ്പറ്റി മാധ്യമങ്ങളെ അറിയിച്ചത് മുഖ്യമന്ത്രി കൂടിയായ മെഹബൂബ മുഫ്തി തന്നെയാണ്. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുകൊണ്ട് കാബിനറ്റ് പ്രവേശനത്തിനൊരുങ്ങുകയാണ് താസ്സിഖ്.

പാര്‍ട്ടിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സഹോദരന്റെ കാബിനറ്റ് പ്രവേശനത്തെ പറ്റി മാധ്യമങ്ങളെ അറിയിച്ചത്. പാര്‍ട്ടിക്കുള്ളില്‍ അംഗങ്ങള്‍ക്കിയടയില്‍ എതിര്‍പ്പുകള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദിന്റെ മരണശേഷം പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതൃത്വം എറ്റെടുത്ത മെഹബൂബ് മുഫ്തി നിലവില്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് കൂടിയാണ്.

കാശ്മീരിലെ ആനന്ദ്നാഗ് മണ്ഡലത്തില്‍ നിന്നാണ് താസ്സിഖ് ജനവിധി തേടുന്നതെന്നാണ് മാധ്യമങ്ങളോട് പി.ഡി.പി. നേതൃത്വം അറിയിച്ചത്. നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ച വ്യക്തിയാണ് താസ്സിഖ്.

മാത്രമല്ല പരിസ്ഥിതി പ്രശ്നങ്ങള്‍, ടൂറിസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിട്ടുണ്ട് അദ്ദേഹം. ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിസിനസ്സില്‍ ബിരുദം നേടിയ ശേഷം താസ്സിഖ് സിനിമാനിര്‍മ്മാണത്തിലേക്ക് തിരിഞ്ഞിരുന്നു. രണ്ട് ഡോക്യൂമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട്.