Categories

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാതെ സിനിമയില്‍ പിടിച്ചു നില്‍ക്കാനാവില്ല: മേഘ്‌ന രാജ്

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാതെ സിനിമയില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് യുവനടി മേഘ്‌ന രാജ്. കഥാപാത്രങ്ങള്‍ക്കത് വേണ്ടി ഗ്ലാമറസ്സായി അഭിനയിക്കുന്നത് ഇപ്പോള്‍ സര്‍വ്വ സാധാരണമാണെന്നും മേഘ്‌ന പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേഘ്‌ന ഗ്ലാമര്‍പ്രദര്‍ശനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിലാണ് താന്‍ ആദ്യം അഭിനയിച്ചത്. ആദ്യ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളാണ് ഏറെയും ചെയ്തത്. എന്നാല്‍ താന്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തപ്പോള്‍ അതൊന്നും വള്‍ഗറായിരുന്നില്ലെന്നും മേഘ്‌ന പറഞ്ഞു.

വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തിലെത്തിയത്. യക്ഷിയും ഞാനും എന്ന ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയായ ശേഷമാണ് മലയാള സിനിമയില്‍ വിനയന്‍ സാറിന് വിലക്കുള്ള കാര്യം അറിഞ്ഞതെന്ന് മേഘ്‌ന പറയുന്നു. കലാകാരന്റെയോ കലാകാരിയുടെയോ മേല്‍ ഒരുതരത്തിലുമുള്ള വിലക്കും പ്രയോഗിക്കാന്‍ പാടില്ലായമെന്ന ചിന്താഗതിക്കാരിയാണ് താനെന്നും മേഘ്‌ന വ്യക്തമാക്കി.

യക്ഷിയും ഞാനും എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലും മേഘ്‌ന ഗ്ലാമറസ്സായി അഭിനയിച്ചിരുന്നു. എന്നാല്‍ മലയാളത്തില്‍ പിന്നീട് പുറത്തിറങ്ങിയ രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങളില്‍ മേഘ്‌നയുടേത് ഗ്ലാമര്‍ റോളായിരുന്നില്ല.

ഇപ്പോള്‍ നമുക്ക് പാര്‍ക്കാന്‍ എന്ന ചിത്രത്തില്‍ അനൂപ് മേനോന്റെ നായികയായാണ് മേഘ്‌ന വേഷമിടുന്നത്. ചിത്രത്തില്‍ രണ്ടു പെണ്‍മക്കളുടെ അമ്മയായാണ് നടിയെത്തുന്നത്. ഏറെ അഭിനയ സാധ്യതയുള്ള പക്വമായ വേഷമായതു കൊണ്ട് തന്നെ പൂര്‍ണ മനസോടെയാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് മേഘ്‌ന വ്യക്തമാക്കി.

മലയാളത്തില്‍ മാത്രമാണ് ഇത്രയും അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ ലഭിക്കുന്നത്. അച്ഛന്റെ ആണ്‍മക്കള്‍ എന്ന ചിത്രത്തിലെ മീരയെന്ന കഥാപാത്രം തനിക്ക് ഏറെ പ്രശംസ നേടിത്തന്നതായും മേഘ്‌ന പറയുന്നു. ഐ.പി.എസുകാരന്റെ ഭാര്യയായാണ് മേഘ്‌ന ഈ ചിത്രത്തില്‍ അഭിനയിച്ചത്.

Tagged with: