ഷില്ലോങ്: ഇന്ത്യയില്‍ രണ്ട് മുഖ്യമന്ത്രിമാരുള്ള സംസ്ഥാനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ. അവിശ്വസനീയമെന്ന് തോന്നുന്നവെങ്കില്‍ തെറ്റി. ഷില്ലോങില്‍ ഇതാണ് അവസ്ഥ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി ഡി ലപാങ്, സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടി തലവന്‍ ഫ്രൈഡേ ലിങ്‌ദോ എന്നിവരാണ് മുഖ്യമന്ത്രി പട്ടത്തിലിരിക്കുന്നവര്‍.

ഭരണഘടനാപരമായി ലപാങാണ് മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്നതെങ്കിലും ലിങ്‌ദോയും മുഖ്യമന്ത്രിയുടെ ആനുകൂല്യങ്ങളെല്ലാം അനുഭവിക്കുന്നു. സര്‍ക്കാര്‍ രേഖകള്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യുന്നു. മേഘാലയയുടെ മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന ലിങ്‌ദോ സ്ഥാനം ഒഴിഞ്ഞിട്ടും ഉപമുഖ്യമന്ത്രിയുടെ സൗകര്യങ്ങള്‍ അനുഭവിച്ചുവരികയായിരുന്നു. ഇപ്പോള്‍ ലിങ്‌ദോയുടെ റാങ്ക് ഉയര്‍ന്ന് മുഖ്യമന്ത്രി പദത്തിലെത്തിയിരിക്കയാണ്. സുരക്ഷ, ആനുകൂല്യങ്ങള്‍ തുടങ്ങിയവയും മുഖ്യമന്ത്രിയെന്ന പരിഗണന വെച്ചുള്ള പ്രോട്ടോക്കോളും ലിങ്‌ദോക്ക് ലഭിക്കുന്നു.

എന്നാല്‍ അധികാരമില്ലാത്ത മുഖ്യമന്ത്രി ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ കലാപത്തിനൊരുങ്ങുന്നതായാണ് വാര്‍ത്ത. പ്രശ്‌നം മൂപ്പിളമത്തര്‍ക്കം തന്നെ. തനിക്ക് മന്ത്രിസഭക്കുള്ളില്‍ അധികാരം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ സമീപിക്കാനൊരുങ്ങുകയാണ് ലിങ്‌ദോ. ഇതിന് ചില മന്ത്രിമാരുടെ പിന്തുണയും നേതാവ് നേടിയിട്ടുണ്ട്.

2008 മാര്‍ച്ചില്‍ അധികാരത്തിലേറിയ ലിങ്‌ദോ 10 ദിവസത്തിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് പുറത്ത് പോവുകയായിരുന്നു. തുടര്‍ന്ന് എന്‍ സി പി- യു ഡി പി യുമായി ധാരണയിലെത്തുകയും എം പി എ(മേഘാലയ പ്രോഗ്രസീവ് അലയന്‍സ്) എന്ന പേരില്‍ പുതിയ സഖ്യമുണ്ടാക്കി അധികാരത്തിലേറുകയും ചെയ്തു. എന്നാല്‍ പതിനൊന്ന് മാസത്തിനു ശേഷം എം പി എ സര്‍ക്കാറിനെ പിരിച്ച് വിട്ട് സംസ്ഥാനത്ത് പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്തി. രണ്ട് മാസത്തെ ഭരണത്തിന് ശേഷം കോണ്‍ഗ്രസിന് പിന്തുണയുമായി അംഗങ്ങള്‍ രംഗത്തെത്തിയതോടെ ലപാങ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയായിരുന്നു. ‘മേഘാലയില്‍ ഇതെല്ലാം നടക്കും. ഇവിടെ രാവിലെ ഒരു പാര്‍ട്ടിയിലിരുന്നവര്‍ ഉച്ചക്ക് മറ്റൊരു പാര്‍ട്ടിയിലായിരിക്കും. രാത്രി മറ്റൊരു പാര്‍ട്ടിയിലേക്കും അവര്‍ പോകും- സംസ്ഥാനത്തെ ഒരു പ്രമുഖ നേതാവ് വ്യക്തമാക്കി.