ഷില്ലോംഗ്: ദുഖ:വെള്ളി ‘ഡിജിറ്റല്‍ ഇന്ത്യ ദിന’മായി ആചരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മേഘാലയ സര്‍ക്കാര്‍. ഈ മാസം ഏപ്രില്‍ 14-നാണ് ദു:ഖവെള്ളി. സംസ്ഥാനത്തെ ക്രിസ്തുമത വിശ്വാസികള്‍ക്ക് പ്രധാനപ്പെട്ട ദിവസമാണ് ദു:ഖവെള്ളിയെന്നാണ് മേഘാലയ സര്‍ക്കാര്‍ പറയുന്നത്.

രാജ്യത്തെ മതനിരപേക്ഷതയെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു പരിപാടികളെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാങ്മ പറഞ്ഞു. തങ്ങളുടെ എതിര്‍പ്പ് എന്തുകൊണ്ടാണെന്ന കാര്യം വിശദമായി തന്നെ പ്രധാനമന്ത്രിയെ എഴുതി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിലെ എതിര്‍പ്പ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയെ ഔദ്യോഗികമായി തന്നെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നേരത്തേ ക്രിസ്മസ് ഭരണനിര്‍വ്വഹണ ദിനമായി ആചരിച്ച കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ദു:ഖവെള്ളി ഡിജിറ്റല്‍ ഇന്ത്യ ദിനമായി ആതരിക്കാന്‍ ശ്രമിക്കുന്നുവെന്നും ന്യൂനപക്ഷത്തെ പാര്‍ശ്വവല്‍ക്കരിക്കാനാണോ ബി.ജെ.പിയുടെ ശ്രമമെന്നും സാങ്മ ചോദിച്ചു. എന്താണ് എന്‍.ഡി.എ സര്‍ക്കാറിന്റെ അജണ്ടയെന്ന് നമ്മള്‍ ചോദ്യമുയര്‍ത്തേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിരമായ ഭരണമാണ് കോണ്‍ഗ്രസ് മേഘാലയയില്‍ കാഴ്ച വെയ്ക്കുന്നതെന്നും 2018-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നും സാങ്മ പറഞ്ഞു.