എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിന്റെ പാതയില്‍ മേഘാലയയും; കശാപ്പു നിരോധനത്തിനെതിരെ നിയമസഭയില്‍ സര്‍ക്കാര്‍ വിജ്ഞാപനം; പിന്തുണയുമായി ബി.ജെ.പി സഖ്യകക്ഷിയും
എഡിറ്റര്‍
Monday 12th June 2017 9:14pm

ഷില്ലോങ്: കേരളത്തിന് പിന്നാലെ കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്ര വിജ്ഞാപനത്തിനെതിരെ പ്രമേയവുമായി മേഘാലയയും. കോണ്‍ഗ്രസ് ഭരിക്കുന്ന മേഘാലയയില്‍ സര്‍ക്കാരാണ് നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത്. വിജ്ഞാപനം പിന്‍വലിക്കമെന്ന് ഐകകണ്‌ഠ്യേന പ്രമേയം ആവശ്യപ്പെട്ടു.

ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന് നിയമസഭയില്‍ പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമം സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു മുഖ്യമന്ത്രി മുകുള്‍ സാങ്മ പറഞ്ഞത്.


Also Read: ‘തൊഴില്‍ ചെയ്യുന്ന സ്ത്രീകളെ ഭയപ്പെടുത്തി അടുക്കളയിലേക്ക് തിരിച്ചയക്കാനാണ് നിങ്ങളുടെ മോഹമെങ്കില്‍ അത് നടക്കില്ല’; ‘അടിവസ്ത്രം ഇട്ട് വാര്‍ത്ത വായിക്കാന്‍’ പറഞ്ഞ മതപുരോഹിതന്റെ വായടപ്പിച്ച് അവതാരകയുടെ മറുപടി


പ്രതിപക്ഷ പാര്‍ട്ടികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി, ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, ബിജെപിയുടെ സഖ്യകക്ഷിയായ നാഷ്‌നല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവരും കേന്ദ്രം ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. അടുത്ത മാസം ഒന്നിന് നിലവില്‍ വരുന്ന ജിഎസ്ടി ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് തിങ്കളാഴ്ച പ്രത്യേക യോഗം വിളിച്ചത്. ഇതിനിടെയാണ് കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട കാര്യവും ചര്‍ച്ച ചെയ്തത്.

കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ നേരത്തെ മേഘാലയയിലെ ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. നോര്‍ത്ത് ഗാരോ ഹില്‍സ് ജില്ലാ പ്രസിഡന്റ് ബച്ചു മറാകും വെസ്റ്റ് ഗാരോ ഹില്‍സ് പ്രസിഡന്റ് ബെര്‍നാഡ് മറാക്കും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു.

Advertisement