ഷില്ലോങ്: കേന്ദ്രസര്‍ക്കാറിന്റെ പുതിയ കശാപ്പ് നിരോധന നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മേഘാലയ ബി.ജെ.പി. കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ജില്ലാ ഓഫീസ് പൂട്ടുകയും പാര്‍ട്ടി കൊടി താഴ്ത്തുകയും ചെയ്തു.

കേന്ദ്രസര്‍ക്കാറിന്റെ ബീഫ് രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് മേഘാലയയിലെ രണ്ട് പ്രമുഖ ബി.ജെ.പി നേതാക്കള്‍ രാജിവെച്ചിരുന്നു. ഇതിനു പിന്നാലെ 200ഓളം പാര്‍ട്ടി പ്രവര്‍ത്തകരും രാജിയുമായി രംഗത്തുവന്നിരുന്നു.

മേഘാലയയിലെ ആദിവാസി വിഭാഗത്തിന്റെ സംസ്‌കാരത്തെ കേന്ദ്രം ആദരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം.


Must Read: എ.കെ.ജി സെന്റിന് മുന്നില്‍ സീതാറാം യെച്ചൂരിക്ക് നേരെ സംഘപരിവാര്‍ ആക്രമണം


‘വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസികള്‍ക്ക് അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ആഘോഷവേളകളില്‍ പശുവിനെ അറുക്കാറുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികം ബീഫ് കഴിച്ച് ആഘോഷിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ ഇതിനെ എതിര്‍ത്തു.’ എന്നുപറഞ്ഞുകൊണ്ടായിരുന്നു വെസ്റ്റ് ഗാരോ ഹില്‍സിലെ ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റായ ബെര്‍ണാഡ് മാറക് രാജിവെച്ചത്.

പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമായതോടെ മേഘാലയയില്‍ ബീഫ് നിരോധിക്കാന്‍ നീക്കമില്ലെന്നു പ്രഖ്യാപിച്ച് ബി.ജെ.പി രംഗത്തുവന്നിരുന്നു.

ബീഫ് നിരോധനമെന്ന വാര്‍ത്ത പ്രചരിച്ചതിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്നായിരുന്നു മേഘാലയയിലെ ബി.ജെ.പിയുടെ ചുമതലയുള്ള നളിന്‍ കൊഹ്‌ലിയുടെ ആരോപണം.

ബീഫ് നിരോധിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാറിന് അത്തരം വിഷയങ്ങളില്‍ കൈകടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.