എഡിറ്റര്‍
എഡിറ്റര്‍
ബീഫിനെച്ചൊല്ലി ബി.ജെ.പിയില്‍ തമ്മിലടി: കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതാവ് രാജിവെച്ചു
എഡിറ്റര്‍
Thursday 1st June 2017 4:23pm

ന്യൂദല്‍ഹി: കശാപ്പിനായുള്ള കന്നുകാലികളുടെ വില്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മേഘാലയയിലെ ബി.ജെ.പി നേതാവ് രാജിവെച്ചു. ഗാരോഹില്‍സില്‍ നിന്നുള്ള നേതാവായ ബെര്‍ണാഡ് മാറക്കാണ് രാജിവെച്ചത്.

‘ഞാനൊരു ക്രിസ്ത്യാനിയാണ് അതിലുപരി ഗാരോക്കാരനാണ്. അതുകൊണ്ടുതന്നെ ഞാന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കാന്‍ തീരുമാനിച്ചു. ബീഫ് പ്രശ്‌നത്തിന്റെ പേരില്‍ ബി.ജെ.പി മതവികാരങ്ങളെ വ്രണപ്പെടുത്തുകയാണ്. ആദിവാസി സമൂഹത്തിന് അവരുടേതായ നിയമമുണ്ട്. ബി.ജെ.പി ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്.’ രാജിക്കാര്യം അറിയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.


Must Read: ബിരുദമെടുത്തത് ശാസ്ത്രത്തില്‍, മോദിയെയും വസുന്ധരാ രാജയെയും വരെ കേസില്‍ നിന്നും രക്ഷപ്പെടുത്തി: രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ ഭൂതകാലം ഇങ്ങനെ


അതേസമയം ആദിവാസികള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള നേതാവിന്റെ രാജി സംബന്ധിച്ച് ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ആളുകള്‍ക്ക് കുറഞ്ഞ വിലയില്‍ ബീഫ് ലഭ്യമാക്കുമെന്ന ബെര്‍ണാഡിന്റെ പ്രഖ്യാപനം ഏറെ വിവാദമായിരുന്നു. ബെര്‍ണാഡിന്റെ പ്രസ്താവന വന്നതിനു പിന്നാലെ ഇക്കാര്യം നിഷേധിച്ച് ബി.ജെ.പി നേതൃത്വവും രംഗത്തുവന്നിരുന്നു.

‘മേഘാലയിലെ ബി.ജെ.പി പ്രവര്‍ത്തകരിലും ബീഫ് കഴിക്കുന്നവരുണ്ടെന്നതുവരെ ബെര്‍ണാഡ് പറഞ്ഞത് ശരിയാണ്. എന്നാല്‍ അധികാരത്തിലെത്തിയാല്‍ ബീഫ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. ബീഫ് വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍ നടത്തുകയെന്നത് ബി.ജെ.പിയുടെ അജണ്ടയല്ല. ബെര്‍ണാഡ് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്’ എന്നായിരുന്നു മുതിര്‍ന്ന ബി.ജെ.പി നേതാവ് നളിന്‍ കോഹ്‌ലി പറഞ്ഞത്.


Also Read: ട്രെയിനില്‍ മുസ്‌ലിം യുവതിയെ ബലാത്സംഗം ചെയ്തയാള്‍ക്ക് യോഗി ആദിത്യനാഥ് പൊലീസിന്റെ വി.ഐ.പി ട്രീറ്റ്: വീഡിയോ പുറത്ത്


മേഘാലയയിലെ മറ്റു ബി.ജെ.പി നേതാക്കള്‍ക്കും കേന്ദ്ര തീരുമാനത്തോട് വലിയ യോജിപ്പൊന്നുമില്ല. ബീഫ് കഴിക്കുന്നവര്‍ക്ക് എതിരല്ല തങ്ങളെന്നാണ് മേഘാലയയിലെ ബി.ജെ.പി അധ്യക്ഷന്‍ ഷിബുന്‍ ലിന്റോ പറഞ്ഞത്.

‘സമ്പൂര്‍ണ ബീഫ് നിരോധനം എന്നത് ഇവിടെയുള്ള ജനങ്ങള്‍ പോലും അംഗീകരിക്കാത്ത കാര്യമാണ്.’ എന്നു പറഞ്ഞ അദ്ദേഹം വൃത്തിയുള്ള കശാപ്പു ശാലകളും നിയന്ത്രണങ്ങളുമാണ് നമുക്കുവേണ്ടതെന്നും അഭിപ്രായപ്പെട്ടു.

Advertisement