തിരുവനന്തപുരം: വനിതാ വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്തുവെന്ന ആരോപണത്തില്‍ ഖേദപ്രകടനം നടത്തില്ലെന്ന് പ്രതിപക്ഷം. സ്പീക്കറുടെ സാന്നിധ്യത്തില്‍ ഇന്ന് നടന്ന ചര്‍ച്ചക്ക് ശേഷം ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. വനിതാ വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്തുവെന്ന ആരോപണത്തില്‍ ഖേദപ്രകടനം നടത്തിയാല്‍ കയ്യേറ്റം നടത്തിയെന്ന ആരോപണം തങ്ങള്‍ ശരിവെക്കുന്ന സാഹചര്യം ഉണ്ടാവുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വനിതാ വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്തുവെന്ന ആരോപണത്തെ സഭക്കകത്തും പുറത്തും ശക്തമായി പ്രതിരോധിക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടിലുള്ള പിറകോട്ട് പോക്കായിരിക്കുമിതെന്നാണ് ഉയര്‍ന്ന അഭിപ്രായം.

എന്നാല്‍ സ്പീക്കറുടെ പോഡിയത്തില്‍ തള്ളിക്കയറിയതിന് ഖേദപ്രകടനം നടത്താമെന്ന് പ്രതിപക്ഷ യോഗത്തില്‍ ധാരണയായിട്ടുണ്ട്. സ്പീക്കറുടെ പോഡിയത്തില്‍ തള്ളിക്കയറുമ്പോഴാണ് വനിതാ വാച്ച് ആന്റ് വാര്‍ഡിന് നേരെ കയ്യേറ്റമുണ്ടായതായി ഭരണപക്ഷം ആരോപിച്ചത്. അതേസമയം പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്തിയത് അംഗങ്ങളുടെ അവകാശ ലംഘനമായി കണക്കാക്കണമെന്നും ഇക്കാര്യം രേഖാമൂലം സ്പീക്കറെ അറിയിക്കാനും യോഗത്തില്‍ ധാരണയായി. വിഷയത്തില്‍ സഭയില്‍ സ്വീകരിക്കേണ്ട നിലപാട് അറിയാന്‍ സ്പീക്കര്‍ കക്ഷിനേതാക്കളുമായി ഇന്ന് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ചര്‍ച്ച ഇനിയും തുടരുമെന്നാണ് സൂചന.

പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്യേണ്ടതില്ലെന്നും പകരം അംഗങ്ങള്‍ ഖേദപ്രകടനം നടത്തിയാല്‍ മതിയെന്നുമുള്ള നിലപാടിലേക്ക് ഭരണപക്ഷം പോയിരുന്നു. എന്നാല്‍ വിട്ടുവീഴ്ചക്ക് തയ്യാറാകേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എം.എല്‍.എമാരെ കര്‍ശനമായി ശാസിക്കാനുള്ള തീരുമാനമാനത്തിലേക്ക് ഭരണപക്ഷം പോകുമെന്നാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്.

ടി.വി.രാജേഷിനും ജോസ് മാത്യുവിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നായിരുന്നു ഇന്നലെ യു.ഡി.എഫ് യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. പ്രതിപക്ഷ അംഗങ്ങള്‍ വനിതാ വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്യുന്ന വ്യക്തമായ ദൃശ്യങ്ങളൊന്നും വീഡിയോയില്‍ ഇല്ലെങ്കിലും അങ്ങിനെ സംഭവിച്ചിട്ടുണ്ടെന്നാണ് ഭരണപക്ഷം പറയുന്നത്. ആരാണു കയ്യേറ്റം ചെയ്തതെന്നു വിഡിയോ പരിശോധനയില്‍ വ്യക്തമാകാത്ത സാഹചര്യത്തില്‍, എം.എല്‍.എമാര്‍ക്കെതിരെ നടപടി എടുത്താല്‍ സഭാനടപടികള്‍ സ്തംഭിക്കുന്ന രീതിയില്‍ പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കയ്യാങ്കളിയോടെ പിരിഞ്ഞ സഭ ഇന്ന് വീണ്ടും ആരംഭിച്ചു. വിലക്കയറ്റം സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.