എല്ലാകുട്ടികളും ജനിച്ച് കൂറേ ദിവസം കാത്തിരുന്നാലേ ഒരു പല്ല് കിട്ടാറുള്ളൂ. എന്നാല്‍ ഫൈ ആംസ്‌ട്രോങ് ജനിച്ചപ്പോള്‍ തന്നെ രണ്ടുപാല്‍പല്ലുകളുണ്ടായിരുന്നു. പിറന്നപാടേ താഴത്തെ മോണയില്‍ രണ്ട് വെളുത്ത ഭാഗങ്ങള്‍ അമ്മ കണ്ടിരുന്നു. എന്നാല്‍ പിറ്റേദിവസം പാലുകൊടുക്കുന്ന സമയത്ത് വേദന തോന്നിയപ്പോഴാണ് അമ്മയ്ക്ക് മനസ്സിലായത് മകളുടെ പല്ല് പുറത്തേക്കുവന്നെന്ന്.

ഒരു കുട്ടി ജനിക്കുന്നതിന് മുന്‍പ് പല്ല് വളരാന്‍ തുടങ്ങും. എന്നാല്‍ ആറുമാസം മുതല്‍ ഒരു വര്‍ഷംവരെയെടുക്കും ഇത് പുറത്തുവരാന്‍.

2,000 കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ ഒരുകുട്ടി ഇങ്ങനെ ജനിക്കുന്നു എന്നാണ് കണക്ക്. ആദ്യത്തെ രണ്ടു മുന്‍പല്ലുകളാണ് സാധാരണ വരാറുള്ളത്.

മൂന്നുവയസ്സാകുമ്പോഴേക്കും കുട്ടികള്‍ക്ക് ഇരുപത് പാല്‍പല്ലുകള്‍ വന്നിട്ടുണ്ടാവും. അഞ്ച് വയസ്സോടുകൂടി ഈ പല്ലുകള്‍ കൊഴിഞ്ഞ് പുതിയ പല്ലുകള്‍ വരാന്‍തുടങ്ങും. മൂന്നാഴ്ച മുന്‍പ് ബ്രിട്ടനിലാണ് ഫൈ ജനിച്ചത്.