കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ പകര്‍ച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജുകളില്‍ ജീവന്‍രക്ഷാ മരുന്ന് ആവശ്യത്തിന് ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട്. എലിപ്പനിയുള്‍പ്പെടെയുള്ളവയ്ക്ക് നല്‍കുന്ന ക്രിസ്റ്റലൈന്‍ പെന്‍സിലിന്‍ എന്ന മരുന്നിനാണ് ക്ഷാമം നേരിടുന്നത്. ദിവസം രണ്ടായിരം കുപ്പി ആവശ്യമുള്ള ഈ മരുന്ന അഞ്ച് ദിവസം കൂടുമ്പോള്‍ 5,000 കുപ്പിയാണ് മെഡിക്കല്‍ കോളേജിന് ലഭിക്കുന്നത്.

450ലധികം ആളുകളാണ് പകര്‍ച്ചപ്പനി ബാധിതരായി എട്ട് മെഡിസിന്‍ വാര്‍ഡുകളിലായി ചികിത്സയില്‍ കഴിയുന്നത്. ഒരു രോഗിക്ക് ദിവസം ആറ് ബോട്ടില്‍ മരുന്ന് നല്‍കണം. എന്നാല്‍ വേണ്ടത്ര മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുകയാണ്.

കഴിഞ്ഞവര്‍ഷം ശ്രീലങ്കയില്‍ എലിപ്പനി വ്യാപകമായപ്പോള്‍ അവിടേക്ക് 40,000 കുപ്പി മരുന്ന് കയറ്റി അയച്ചിരുന്നു. ഇതാണ് ക്ഷാമം നേരിടാന്‍ കാരണമെന്നാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ നല്‍കുന്ന വിശദീകരണം. നിലവില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മാത്രമേ ഈ മരുന്ന് വിതരണം ചെയ്യുന്നുള്ളൂ.