ഇനി മരുന്നില്ലാത്ത അസുഖങ്ങളുടെ കൂട്ടത്തില്‍ കഷണ്ടിയെക്കൂട്ടേണ്ട. കാരണം കഷണ്ടിയ്ക്ക് മരുന്നു കണ്ടുപിടിച്ചിരിക്കുന്നു. ഞെട്ടണ്ട, സംശയിക്കുകയും വേണ്ട. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ഈ മരുന്ന് വിപണിയിലെത്തും. കഷണ്ടികാരണം വിഷമിക്കുന്നവര്‍ക്ക് ജര്‍മ്മനിയിലെ ശാസ്ത്രജ്ഞര്‍ നല്‍കുന്ന ഉറപ്പാണിത്.

കഷണ്ടിക്കു ചികിത്സ തേടിയുള്ള ഗവേഷണം ലക്ഷ്യംകണ്ടുവെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. മൂലകോശങ്ങളില്‍ നിന്നു വികസിപ്പിച്ചെടുത്ത രോമ ഫോസിലുകള്‍ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്.

ഇത് മൃഗങ്ങളില്‍ പരീക്ഷിച്ചതായും ഒരു വര്‍ഷത്തിനുള്ളില്‍ മനുഷ്യന്റെ മൂലകോശങ്ങളില്‍ നിന്നു രോമ ഫോസിലുകള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നും ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രഫസര്‍ ലൗസ്റ്റര്‍ അറിയിച്ചതായി ഡെയ്‌ലി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്ന രോമകൂപങ്ങള്‍ക്ക് തലയില്‍ മാത്രമല്ല, മനുഷ്യശരീരത്തിലെ ഏതു അവയവത്തിലും വളരാന്‍ കഴിയുമെന്നും ലൗസ്റ്റര്‍ പറഞ്ഞു. 80% ആളുകള്‍ക്കും ഈ ചികില്‍സ ഫലപ്രദമാകുമെന്നു ലൗസ്റ്റര്‍ അവകാശപ്പെടുന്നു.

എന്തായാലും കഷണ്ടിയുടെ കാര്യം ഇങ്ങനെയായി ഇനി അസൂയയുടെ കാര്യത്തിലാണ് തീരുമാനമാകേണ്ടത്. അതിനുള്ള മരുന്നാണ് എത്രയും പെട്ടെന്ന് കണ്ടെത്തേണ്ടത്.