Categories

എല്ലാ സീറ്റിലും സ്വന്തം നിലയില്‍ പ്രവേശനമെന്ന് മെഡി. മാനേജ്‌മെന്റ്

കൊച്ചി: പ്രവേശനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനാല്‍ ഈ വര്‍ഷം എല്ലാ എം.ബി.ബി.എസ് സീറ്റുകളിലും സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ വാങ്ങുന്ന അതേ ഫീസ് തന്നെയായിരിക്കും തങ്ങളും ഈടാക്കുക. പ്രവേശന നടപടികള്‍ ആരംഭിക്കുന്ന ഈ മാസം 30 ന് മുമ്പ് സര്‍ക്കാര്‍ തയ്യാറായാല്‍ ഒരിക്കല്‍ കൂടി ചര്‍ച്ച നടത്താന്‍ ഒരുക്കമാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാനേജ്‌മെന്റ്, മെരിറ്റ് വ്യത്യാസമില്ലാതെ മുഴുവന്‍ സീറ്റിലും മൂന്നര ലക്ഷം രൂപ ഫീസ് ഈടാക്കാനാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ തീരുമാനം. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടുകളാണ് ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തകിടം മറിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനോട് മൃദു നിലപാട് സ്വീകരിച്ചതെന്നും ഇവര്‍ കുറ്റപ്പെടുത്തി. പലമാനേജ്‌മെന്റുകളോടും പല നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

അമൃത ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളേജുകളിലെ ഭീമമായ ഫീസിനെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും പ്രതിഷേധാര്‍ഹമാണ്. മെഡിക്കല്‍ പി ജി പ്രവേശനത്തിന് അഖിലേന്ത്യാ ക്വാട്ട ഇല്ലെന്നിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മനഃപൂര്‍വ്വം തെറ്റിദ്ധരിച്ചതാണ്. അമൃത മെഡിക്കല്‍ മാനേജ്‌മെന്റ് 5.5 ലക്ഷം രൂപ ഫീസ് വാങ്ങുന്നതിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കണമെന്നും സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അസോസിയേഷന്‍ പ്രസിഡന്റ് പി എ ഫസല്‍ഗഫൂര്‍, സെക്രട്ടറി അഡ്വ. സാജന്‍ പ്രസാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.