തിരുവനന്തപുരം: ചില കേന്ദ്രങ്ങള്‍ വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ക്ക് കാശുവിതരണം ചെയ്യുന്നുവെന്ന് പിണറായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസ് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെയ്ഡ് ന്യൂസിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് പിണറായി നടത്തിയത്. മാധ്യമങ്ങള്‍ പൂര്‍ണമായി ഒരു വിഭാഗത്തിനെതിരാകുകയും ആ വിഭാഗത്തെ അമര്‍ച്ച ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്ന പ്രവണതയുമാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായി മാധ്യമങ്ങള്‍ നിലകൊണ്ടത് പെയ്ഡ് ന്യൂസിന് ഉദാഹരണമാണ്. നേരത്തെയും തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കാശുകൊടുത്ത് സ്വാധീനിച്ചിരിക്കുന്ന മാധ്യമങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അതാരും ഗൗരവമായി കണ്ടില്ല. എന്നാല്‍ ഇപ്പോള്‍ ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. അഭിമാനത്തോടെയാണ് ജനങ്ങളുടെ മുന്നില്‍ എല്‍.ഡി.എഫ് നില്‍ക്കുന്നത്. 2006ല്‍ അധികാരത്തിലെത്തുമ്പോള്‍ വാഗ്ദാനം ചെയ്തതിലും അധികം കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ എന്തെങ്കിലുമൊരു ആനുകൂല്യം ലഭിക്കാത്ത ഒരു വീടും കേരളത്തിലുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.ഐ.എം സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ തകര്‍ത്ത് തങ്ങള്‍ക്ക് മുന്നേറാന്‍ കഴിയുമെന്ന് കരുതുന്ന ചില പിന്തിരിപ്പന്‍ ശക്തികളുണ്ട്. ഏത് വേഷം കെട്ടിയും സി.പി.ഐ.എമ്മിനെ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. വിപ്ലവകാരികളുടെ വേഷമണിഞ്ഞ് സി.പി.ഐ.എം നേതാക്കള്‍ നാടിനുകൊള്ളാത്തവരാണെന്ന് അത്തരക്കാര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും ഈ പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യം പോലും പരിഗണിക്കാതെയാണ് ഇ.എം.എസ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത്. അദ്ദേഹത്തിന്റെ മാതൃക ഇന്നത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്തുടരണമെന്നും പിണറായി നിര്‍ദേശിച്ചു.