Categories

മാധ്യമങ്ങള്‍ തന്നോട് മാപ്പു പറയണം: അഖിലേഷ് യാദവ്

akhilesh-yadav

ലക്‌നൗ: മുസാഫര്‍ നഗറിലെ കലാപ ബാധിതരെ അവഗണിച്ചു കൊണ്ട് പാട്ടും നൃത്തവുമൊക്കെയായി സെയ്ഫായ് മഹോത്സവം സര്‍ക്കാര്‍ ആഘോഷമാക്കി എന്ന് നല്‍കിയതിന് മാധ്യമങ്ങള്‍ മാപ്പു ചോദിക്കണമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.

സംസ്ഥാനത്ത് ടൂറിസം വകുപ്പിനെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെയ്ഫായ് സംഘടിപ്പിച്ചതെന്നും അത് ഇത്തരത്തിലൊരു വാര്‍ത്തയാക്കി നല്‍കിയതിന് തന്നോടും തന്റെ പിതാവായ മുലായം സിങ് യാദവിനോടും മാപ്പു പറയണമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

സെയ്ഫായ് മഹോത്സവത്തിനായി പ്രദേശ വാസികളും കച്ചവടക്കാരുമെല്ലാം ഒരു വര്‍ഷമായി കാത്തിരിയ്ക്കുകയാണ്.

കലാപത്തിന് ഇരകളായി ദുരിതാശ്വാസ ക്യാമ്പില്‍കഴിയുന്നവര്‍ക്കായി സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്- അഖിലേഷ് പറഞ്ഞു.

മുസാഫര്‍ നഗറില്‍ കലാപബാധിതര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തണുപ്പില്‍ മരണത്തെ മുഖാമുഖം കാണുമ്പോള്‍ യു.പി സര്‍ക്കാര്‍ ബോളിവുഡ് താരങ്ങളെ അണിനിരത്തി പരിപാടി സംഘടിപ്പിച്ചു എന്നായിരുന്നു അഖിലേഷ് യാദവ് സര്‍ക്കാര്‍ നേരിട്ട ആരോപണം.

തണുപ്പിനെ പ്രതിരോധിക്കാന്‍ കലാപബാധിതര്‍ക്ക് പുതപ്പോ  വെള്ളമോ വൈദ്യുതിയോ പോലും ലഭ്യമാക്കാതെയാണ് കോടികള്‍ ചെലവഴിച്ച് സെയ്ഫായ് മഹോല്‍സവ മേള സംഘടിപ്പിച്ചതെന്നും മേളയില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും പങ്കെടുത്തത്തിരുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ന്യൂനപക്ഷത്തോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ വിവേചനത്തിന്റെ ഉദാഹരണമാണ് ഇതെന്നാണ് ആരോപണം.

ബോളിവുഡ് താരങ്ങളുടെ പാട്ടും നൃത്തവുമായിരുന്നു പരിപാടിയില്‍ പ്രധാനമായും ഉണ്ടായിരുന്നത്. സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, മാധുരി ദീക്ഷിത് അടക്കമുള്ള താരനിരയെയാണ് പരിപാടിയില്‍ അണിനിരത്തിയത്.

ഇറ്റാവ ജില്ലയിലെ സെയ്ഫായ് ഗ്രാമം യാദവ കുലത്തിന്റെ പൈതൃക ഗ്രാമമായാണ് അറിയപ്പെടുന്നത്.

മുലായം സിങ് യാദവ് ജനിച്ചതും ഇതേ ഗ്രാമത്തിലാണ്. എല്ലാ വര്‍ഷവും നടന്നുവരുന്ന സെയ്ഫായ് മഹോല്‍സവം ഇത്തവണ കോടികള്‍ ചെലവിട്ട് വിപുലമായി നടത്താന്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.