എഡിറ്റര്‍
എഡിറ്റര്‍
കര്‍ണാടകയില്‍ മന്ത്രിയുടെ വസതിയില്‍ ഒളിക്യാമറ ഓപ്പറേഷനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍
എഡിറ്റര്‍
Wednesday 12th March 2014 8:40am

hidden-cam

ബംഗലൂരു: കര്‍ണാടക ഊര്‍ജമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിനെതിരെ ഒളിക്യാമറ ഓപ്പറേഷന്‍ നടത്താനെത്തിയ ചാനല്‍പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു.

ഊര്‍ജവകുപ്പില്‍ നിന്ന് പദ്ധതിക്ക് അനുമതി തരപ്പെടുത്താനെന്ന പേരില്‍ ആറുലക്ഷം രൂപയുമായി സമീപിച്ച വനിതാമാധ്യമപ്രവര്‍ത്തകയെയും ക്യാമറാമാനെയും ശിവകുമാറിന്റെ നിര്‍ദേശപ്രകാരം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതിന് ചാനല്‍മേധാവി അടക്കമുള്ളവര്‍ക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരുടെ പക്കലുണ്ടായിരുന്ന ക്യാമറയും മറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

എന്നാല്‍ ഊര്‍ജവകുപ്പിലെ അഴിമതി തുറന്നുകാട്ടുന്നതിനാണ് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയതെന്ന് ചാനല്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകരെ മന്ത്രിയുടെ ഗുണ്ടകള്‍ മര്‍ദ്ദിച്ചത് സംബന്ധിച്ച് ചാനല്‍ ബാംഗ്ലൂര്‍ സദാശിവനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ ബാംഗ്ലൂരിലെ ജേര്‍ണലിസ്റ്റ് യൂണിയനും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ടിവി-9 എന്ന ചാനലിന്റെ റിപ്പോര്‍ട്ടര്‍ ശ്വേത(24), ക്യാമറാമാന്‍ ശ്രേയസ്(28) എന്നിവരാണ് അറസ്റ്റിലായത്. എനര്‍ജോ പവര്‍ കമ്പനിയുടെ പ്രതിനിധികളെന്ന പേരില്‍ ഇവര്‍ ശിവകുമാറിനെ സമീപിച്ച് സര്‍ക്കാറിന്റെ മുന്നിലുള്ള ഒരു പദ്ധതിക്ക് അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.

തുടര്‍ന്ന് തിങ്കളാഴ്ച ശിവകുമാറിന്റെ സദാശിവനഗറിലുള്ള വീട്ടിലെത്തി ഇതിനായി ആറുലക്ഷം രൂപ കൈമാറാന്‍ ശ്രമിക്കുന്നതിനിടെ അംഗരക്ഷകരായ പോലീസുകാര്‍ അറസ്റ്റുചെയ്യുകയായിരുന്നു. പണം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇങ്ങനെയൊരു കമ്പനിയെപ്പറ്റി സംശയം തോന്നിയതിനെത്തുടര്‍ന്നാണ് പോലീസിന് ഇവരെ അറസ്റ്റു ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് മന്ത്രി ശിവകുമാര്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവര്‍ ഒരു ഫയലിന്റെ പേരില്‍ തന്നെ സമീപിച്ചിരുന്നു. എന്നാല്‍, വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തിലൊരു ഫയല്‍ ഇല്ലെന്ന് അറിയാന്‍ കഴിഞ്ഞു. ഇതാണ് സംശയത്തിനിടയാക്കിയത്. അറസ്റ്റിനെ തുടര്‍ന്ന് ഒരു ചാനല്‍പ്രവര്‍ത്തകന്‍ തന്നെ വിളിച്ച് ഭീഷണി മുഴക്കിയെന്നും ശിവകുമാര്‍ പറഞ്ഞു.

എന്നാല്‍, ജീവനക്കാര്‍ നിരപരാധികളാണെന്ന് തെളിയിക്കാനുള്ള ദൃശ്യങ്ങള്‍ ക്യാമറയിലുണ്ടെന്നും അത് പോലീസിനെ ഉപയോഗിച്ച് മന്ത്രി നശിപ്പിച്ചുകളയാന്‍ ശ്രമിക്കുകയാണെന്നും ചാനല്‍ ആരോപിച്ചു. അഴിമതി പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിനിടെ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് കേസെടുത്ത നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Advertisement