മാര്‍ച്ചിനിടെ പോലീസ് ലാത്തിയടിയേറ്റ് തല പൊട്ടിയ ഇന്ത്യാവിഷന്‍ ബ്യൂറോ ചീഫ് മാര്‍ഷല്‍ വി.സെബാസ്റ്റ്യന്‍

Subscribe Us:

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളജില്‍ കോഴ വാങ്ങുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ട ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍മാരെയും ക്യാമറാമാന്‍മാരെയും സി.എസ്.ഐ സഭാ ആസ്ഥാനത്ത് ആക്രമിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് സഭാ ആസ്ഥാനമായ എല്‍.എം.എസിലേക്ക് മാര്‍ച്ച് നടത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസും ആക്രമിച്ചു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ മര്‍ദിക്കുന്നത് വീഡിയോയില്‍ പകര്‍ത്തിയ ക്യാമറാമാനെ മര്‍ദിച്ചു ടാപ്പ് ബലമായി പിടിച്ചുവാങ്ങി. പിന്നീട് ദൃശ്യങ്ങള്‍ മായ്ച്ച് കാലിയായ ടേപ്പ് തിരിച്ചു നല്‍കി. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ശരത് കൃഷ്ണന്‍, ക്യാമറാമാന്‍ അയ്യപ്പന്‍, ഇന്ത്യാവിഷന്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് മാര്‍ഷല്‍ വി സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ഷലിന്റെ തലയ്ക്ക് പോലീസിന്റെ ലാത്തിയടിയേറ്റ് സാരമായ പരിക്കുണ്ട്.

media-under-attack

സംഭവസ്ഥലത്തെത്തിയ ഐ.ജി. കെ പത്മകുമാര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

കാരക്കോണം മെഡിക്കല്‍ കോളെജില്‍ തലവരിപ്പണം വാങ്ങിയ വാര്‍ത്തയുമായി ബന്ധപ്പെട്ട് ബിഷപ്പ് ഹൗസിലെത്തിയ ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ ശരത്കൃഷ്ണനെയും ക്യാമറാമാന്‍ അയ്യപ്പനെയും ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഒരു പോലീസുകാരനും ഒരു ഡി.സി.സി അംഗവും ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ഗുണ്ടകളും ആക്രമണ സംഘത്തിലുണ്ടെന്നാണ് വിവരം. ഇവര്‍ ക്യാമറ പിടിച്ചെടുത്ത് ടേപ്പ് എടുത്തുമാറ്റി ക്യാമറ തകര്‍ക്കുകയും ചെയ്തു.

ഇതില്‍ പ്രതിഷേധിച്ചു പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ സി.എസ്.ഐ ആസ്ഥാനത്ത് മാര്‍ച്ച് നടന്നു. സമാധാനമായി മാര്‍ച്ച് നടത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. ഇതിലാണ് ഇന്ത്യാവിഷന്‍ ബ്യൂറോചീഫ് മാര്‍ഷലിന് പരിക്കേറ്റത്.

ആശുപത്രിയില്‍ കഴിയുന്ന മാര്‍ഷല്‍ വി സെബാസ്റ്റ്യനെ എം.എല്‍.എമാരായ കോടിയേരി ബാലകൃഷ്ണനും വി. ശിവന്‍കുട്ടിയും സന്ദര്‍ശിക്കുന്നു

അക്രമവുമായി ബന്ധപ്പെട്ട് എല്‍.എം.എസ് ബിഷപ്പ് ഹൗസിലെ സെക്യൂരിറ്റി ജീവനക്കാരായ ഡേവിഡിനെയും മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ റസലിയന്‍, എ.ആര്‍ ക്യാമ്പിലെ ജോണ്‍ എന്നിവരെ പോലീസ് സസ്‌പെന്റ് ചെയ്തു. ക്യാമറ തട്ടിയെടുത്ത സംഘത്തില്‍ റസലിയന്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

അതേസമയം ഏഷ്യാനെറ്റ് ക്യാമറാമാനില്‍ നിന്ന് പിടിച്ചെടുത്ത ക്യാമറ വൈകീട്ടോടെ സഭാ നേതൃത്വം തിരിച്ചു നല്‍കി. എന്നാല്‍ പോലീസും നേതൃത്വവും നല്‍കിയ ഉറപ്പ് ലംഘിച്ച് ടേപ്പിലെ ദൃശ്യങ്ങള്‍ മായ്ച്ചാണ് തിരിച്ചു നല്‍കിയത്. ടാപ്പിലെ ദൃശ്യങ്ങള്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് മനപ്പൂര്‍വ്വം മായ്ച്ചുകളയുകയായിരുന്നുവെന്നാണ് സൂചന.

സംഭവസ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍

ടാപ്പ് മായ്ച്ച് കളഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. ടാപ്പ് മായ്ച്ച് കളഞ്ഞ സംഭവം ഗുരുതരമാണെന്നും തെളിവ് നശിപ്പിച്ച കുറ്റത്തിന് കേസെടുക്കുമെന്നും ഇതിനായി പ്രത്യേക പരാതി നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, എം. എല്‍. എമാരായ കോടിയേരി ബാലകൃഷ്ണന്‍, ഇ. പി.ജയരാജന്‍, വി.ശിവന്‍കുട്ടി, വി.ഡി.സതീശന്‍, ടി. എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, കെ.ശിവദാസന്‍ നായര്‍, പി.സി.വിഷ്ണുനാഥ്, ടി.വി. രാജേഷ്, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ആര്‍. എസ്. പി നേതാവ് ടി.ജെ. ചന്ദ്രചൂഢന്‍, പി.കെ.ശ്രീമതി, ബി.ജെ.പി നേതാക്കള്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. ഐ.ജി കെ.പത്മകുമാര്‍ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ ജില്ലകളില്‍ പ്രകടനം നടത്തി.