Categories

റെയ്ഡ്: കുമ്മനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം



(കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പോലീസ് പരിശോധന നടത്തുന്നു)

കോട്ടയം: പോലീസ് റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിച്ചു. കുമരകത്തിനടുത്ത് കുമ്മനത്ത് റെയ്ഡ് നടക്കുന്നതിന്റെ വാര്‍ത്തയും ചിത്രങ്ങളും ശേഖരിക്കാനെത്തിയ റിപ്പോര്‍ട്ടര്‍മാര്‍ക്കും പത്രഫോട്ടോഗ്രാഫര്‍ക്കും നേരെയാണ് ആക്രമണം നടന്നത്. ഇന്ന് വൈകീട്ടാണ് സംഭവം.

സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിന്റെ ഭാഗമായി ഇന്നലെ കുമ്മനത്ത് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ക്യാമ്പ് ചെയ്യുന്ന കേന്ദ്രത്തിലെത്തിയ പോലീസ് സംഘത്തെ ഒരു വിഭാഗം തടയുകയായിരുന്നു. പോലീസെത്തിയതിനെ തുടര്‍ന്ന് സംഘടിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബാങ്ക് വിളിച്ച് ആളെക്കൂട്ടി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. മംഗളം ഫോട്ടോഗ്രാഫര്‍ തമ്പാന്‍ വര്‍ഗീസ്, ദേശാഭിമാനിയുടെ ജി. പ്രദീപ് തുടങ്ങിയവരാണ് കയ്യേറ്റത്തിനിരയായത്.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ വാര്‍ത്തയെഴുതിയാല്‍ കൈവെട്ടിക്കളിയുമെന്ന ആക്രോശത്തോടുകൂടിയായിരുന്നു അക്രമികള്‍ എത്തിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ആവശ്യത്തിന് പോലീസ് സ്ഥലത്തില്ലാത്തത് കാര്യങ്ങളുടെ ഗുരുതരാവസ്ഥ വര്‍ദ്ധിപ്പിച്ചു. ഫോട്ടോ ഗ്രാഫര്‍മാരുടെ വാഹനങ്ങള്‍ക്കും അവര്‍ കേടുപാടുകള്‍ വരുത്തി. പോലീസ് വാഹനങ്ങളിലും മറ്റുമാണ് പത്രപ്രവര്‍ത്തകര്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ കുമ്മനം ജുമാമസ്ജിദിലെ ഇമാം സക്കീര്‍ ഹുസൈനെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് ഡി വൈ എസ് പി പി. ബിജോയ് വ്യക്തമാക്കി.

കുമ്മനത്ത് പത്രപ്രവര്‍ത്തകരെ മര്‍ദ്ദിച്ച നടപടിയില്‍ കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചു. പത്രപ്രവര്‍ത്തകര്‍ക്കു നിര്‍ഭയം ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്താന്‍ സാഹചര്യം ഒരുക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് കെ സി രാജഗോപാലും, ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായിയും ആവശ്യപ്പെട്ടു.

കോട്ടയം പ്രസ് ക്ലബില്‍ ചേര്‍ന്ന പത്രപ്രവര്‍ത്തകരുടെ യോഗം അക്രമത്തെ അപലപിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കെ യു ഡബ്ല്യു ജെ ജില്ലാ ഘടകം പ്രസിഡന്റ് ആര്‍.രാജീവിന്റെ അദ്ധ്യക്ഷതയില്‍ പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജേക്കബ് ഈപ്പന്‍, റ്റി.പി.മോഹന്‍ദാസ്, ചെറുകര സണ്ണി ലൂക്കോസ്, പി.ഗിരീഷ്‌കുമാര്‍, ഷാലു മാത്യു പ്രസംഗിച്ചു. തുടര്‍ന്ന് പത്രപ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.