മുംബൈ: സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍ തന്റെ ഒമ്പതുദിവസം നീണ്ട നിരാഹാരസമരം അവസാനിപ്പിച്ചു. മേധയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറായതോടെയാണ് നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.

സബര്‍ബാന്‍ ഖാറിലെ ഗോളിബാറിലുള്ള ചേരിനിവാസികളെ ഒഴിപ്പിക്കുന്നതിനെതിരെയാണ് മേധാ പട്കര്‍ നിരാഹാരസമരം നടത്തിയത്. മേധയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷന്‍ നാഷണല്‍ അലയന്‍സ് ഓഫ് പീപ്പില്‍സിലെ അംഗവും കലക്ടറുമായ നിര്‍മ്മല്‍ ദേശ് മുഖ് അവര്‍ക്ക് കൈമാറി. മേധ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രണ്ട് സമിതികള്‍ രൂപവത്കരിക്കും. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സമിതികളോട് ജൂണ്‍ 15 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

മുംബൈയിലെ ചേരിപ്രദേശമായ ഗോലിബാറില്‍ മെയ് 20മുതലാണ് മേധ നിരാഹാരസമരം ആരംഭിച്ചത്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ച് 140 ഏക്കര്‍ സ്ഥലം ഒരു സ്വകാര്യ നിര്‍മ്മാണ കമ്പനിക്ക് നല്‍കാനായിരുന്നു തീരുമാനം. ചേരി-പുനരധിവാസപദ്ധിക്ക് അനുമതി വാങ്ങിനല്‍കിയ രേഖകളില്‍ ചേരിനിവാസികളുടെ വ്യാജ ഒപ്പാണുള്ളതെന്നായിരുന്നു മേധ ഉയര്‍ത്തിയ പ്രധാന ആരോപണം. ഇതിനുപുറമേ 1971ലെ മഹാരാഷ്ട്ര ചേരിനിവാസികളെ സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും മുംബൈയില്‍ രാജീവ് ആവാസ് യോജനപ്രകാരം അനുവദിച്ച വിവിധ പദ്ധതികളെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും മേധ ആവശ്യപ്പെട്ടിരുന്നു.

നിരാഹാരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നതിനെത്തുടര്‍ന്ന് മേധ പട്കര്‍ അവശനിലയിലായിരുന്നു. രക്തസമ്മര്‍ദം താഴ്ന്നതിനെത്തുര്‍ന്ന് അവശനിലയിലായ അവര്‍ മരുന്ന് സ്വീകരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. നിരവധി സംഘടനകള്‍ മേധയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ മേധ പട്കറുമായി ഫോണില്‍ സംസാരിച്ചെങ്കിലും ചേരിനിവാസികളുടെ കാര്യത്തില്‍ കൃത്യമായ ഉറപ്പുകിട്ടാതെ സമരം പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് അവര്‍ മുഖ്യമന്ത്രിയോട് വ്യക്തമാക്കുകയുണ്ടായി. അന്നാഹസാരെ, സ്വാമി അഗ്‌നിവേശ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മേധ പട്കര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.