ഇന്‍ഡോര്‍: നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ നേതാവ് മേധാ പട്കര്‍ ജയിലില്‍. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ സര്‍ദാര്‍ സരോവര്‍ പ്രോജക്ടിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ടവരെ കാണുവാന്‍ ശ്രമിച്ച കുടുംബങ്ങളെ കാണുവാന്‍ എത്തിയപ്പോഴാണ് അറസ്റ്റുണ്ടായത്.

ബോബം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് ആറു മണിക്കൂറിനുശേഷമാണ് അവര്‍ അറസ്റ്റു ചെയ്യപ്പെടുന്നത്. ജാമ്യത്തിനായി ബോണ്ട് കെട്ടിവെക്കാന്‍ വിസമ്മതിച്ചതോടെ മേധാ പട്കറെ ജയിലിലയച്ചു.

സര്‍ദാര്‍ സരോവര്‍ പ്രോജക്ടിന്റെ ഭാഗമായി കുടിയൊഴിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിലുള്ള ക്രമക്കേടുകള്‍ക്കെതിരെ 12 ദിവസം നിരാഹാരം നടത്തിയ മേധാ പട്കറിനെ ആഗസ്റ്റ് ഏഴിനാണ് പൊലീസ് അറസ്റ്റു ചെയ്തത്. പിന്നീട് ആശുപത്രിയിലേക്കു മാറ്റിയ മേധയെ ബുധനാഴ്ചയോടെ ഡിസ്ചാര്‍ജ് ചെയ്തു.


Must Read: മുരുകന്റ മരണത്തില്‍ മാപ്പുചോദിച്ച് പിണറായി; നാടിന് അപമാനമുണ്ടാക്കിയ സംഭവമെന്നും മുഖ്യമന്ത്രി 


ഇതിനു പിന്നാലെയാണ്  മേധ സമരം നടക്കുന്ന ചികാല്‍ഡ ഗ്രാമത്തിലെത്തുന്നത്. മേധയ്ക്കു പുറമേ മറ്റു ഒമ്പതുപോലെക്കൂടി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

മേധയെത്തുന്നത് പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് ഭയന്നാണ് അറസ്റ്റെന്നാണ് ധര്‍ ജില്ലാ കലക്ടര്‍ ശ്രിമന്ത് ശുക്ലയുടെ വിശദീകരണം.

അറസ്റ്റിനുശേഷം മേധാ പട്കറെ എസ്.ഡി.എം കോടതിയില്‍ ഹാജരാക്കി. ജാമ്യത്തിനായി ബോണ്ട് കെട്ടിവെയ്ക്കാന്‍ മേധ വിസമ്മതിച്ചതോടെ അവരെ ജയിലിലേക്ക് അയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.