ഹൈദരാബാദ്: മെക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ മുസ്‌ലിം യുവാക്കളെ പോലീസ് മനപ്പൂര്‍വ്വം പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് മാപ്പ് ചോദിക്കാന്‍ തയ്യാറാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ കിരണ്‍കുമാര്‍ റെഡ്ഡി. ആന്ധപ്രദേശ് നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അക്ബറുദ്ദീന്‍ ഉവൈസി ചോദ്യോത്തരവേളയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടായത്.

‘ നിരപരാധികളായ യുവാക്കളെക്കുറിച്ച് സര്‍ക്കാറിന് നല്ല ബോധ്യമുണ്ട്. മുസ്‌ലിംകളല്ല ആരായാലും പോലീസ് മനപൂര്‍വ്വം പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് മാപ്പ് ചോദിക്കുന്നു’ – മുഖ്യമന്ത്രി വ്യക്തമാക്കി.

വിദ്യാസമ്പന്നരായ യുവാക്കളെ പോലീസ് സ്‌ഫോടനക്കേസുകളില്‍ ഉള്‍പ്പെടുത്തിയിരിക്കയാണെന്ന് ഉവൈസി ചൂണ്ടിക്കാട്ടി. സി.ബി.ഐ അന്വേഷണം നടത്തിയിട്ടില്ലായിരുന്നെങ്കില്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടുമായിരുന്നു. മുസ്‌ലിം യുവാക്കളെ നിരപരാധികളെന്നു കണ്ടു വിട്ടയച്ചെങ്കിലും അവരുടെ തൊഴിലവസരങ്ങള്‍ നഷ്ടമായതിനാല്‍ ഭാവി ഇരുളടഞ്ഞതായിരിക്കുകയാണ്. ഉവൈസിയുടെ വാദങ്ങളെ പ്രതിപക്ഷ നേതാവ് എന്‍ ചന്ദ്രബാബു നായിഡു പിന്തുണച്ചു. പീഡിപ്പിക്കപ്പെട്ട യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോലിസ് കേസില്‍ കുടുക്കിയ നിരപരാധികളായ യുവാക്കള്‍ക്ക് സാമ്പത്തികസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. മക്കാ മസ്ജിദ് സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പോലിസ് വെടിവയ്പ് സംബന്ധിച്ച് അന്വേഷിക്കുന്ന ജ. വി ഭാസ്‌കരറാവു കമ്മീഷന്റെ റിപോര്‍ട്ട് സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി പി സബിതാ റെഡ്ഡി അറിയിച്ചു. അന്വേഷണത്തില്‍ കുറ്റക്കാരായ പോലിസുദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെക്കാമസ്ജിദ് സ്‌ഫോടനം

പതിനേഴാം നൂറ്റാണ്ടില് നിര്‍മിച്ച മുസ്‌ലിം ആരാധനാലയമായ ഹൈദരാബാദ് മെക്കാ മസ്ജിദില്‍ 2007 മെയ് 18നാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തെ തുടര്‍ന്ന് വിശ്വാസികള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. മുസ്‌ലിം തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന പറഞ്ഞ് പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചിരുന്നു. എന്നാല്‍ കേസ് സി.ബി.ഐ ഏറ്റെടുത്തതിനെ തുടര്‍ന്നാണ് ഹിന്ദുത്വ ഭീകര സംഘടനകളാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായത്.

2008ല്‍ മഹാരാഷ്ട്രയിലെ മലേഗാവില് നടന്ന സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെയാണ് അഭിനവ് ഭാരത് എന്ന ഹിന്ദുത്വ ഭീകര സംഘടനയുടെ പേര് പുറത്ത് വന്നത്. ഭീകരവിരുദ്ധ സ്‌ക്വാഡ്, അഭിനവ് ഭാരത് നേതാക്കളായ കേണല് പുരോഹിതിനെയും സാധ്വി പ്രജ്ഞാസിങ് ഠാക്കൂറിനെയും അറസ്റ്റ് ചെയ്യുകയുണ്ടായി. ഭീകരാക്രമണത്തിന് ഇന്ത്യന് സൈന്യത്തിന്റെ ആയുധങ്ങളും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തിയതായും അന്വേഷണത്തില്‍ വ്യക്തമായി.

അഭിനവ് ഭാരത് എന്ന സംഘപരിവാര്‍ സംഘടനയുടെ പ്രവര്‍ത്തകനായ സമീര്‍ കുല്‍ക്കര്‍ണിയും സ്വാമി അമൃതാനന്ദ എന്നറിയപ്പെടുന്ന ദയാനന്ദ പാണ്ഡെയും ഉള്‍പ്പെടെ നിരവധി ഹിന്ദുത്വ ഭീകരര്‍ അന്ന് അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഗുജറാത്തില്‍ താവളമടിച്ചിട്ടുള്ള ജതീന്‍ ചാറ്റര്‍ജി എന്ന സ്വാമി അസിമാനന്ദയും കേസില്‍ പിടിയിലായി. സ്‌ഫോടന പരമ്പരകളുമായി ഹിന്ദുത്വ സംഘടനകള്‍ക്കുള്ള ബന്ധം ഹേമന്ദ് കാര്‍ക്കരെയുടെ നേതൃത്വത്തിലുള്ള സംഘം നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും മോഡിയുടെ സംരക്ഷണയിലുള്ള ഇവരെ ചോദ്യം ചെയ്യാനോ അന്വേഷണം ഗുജറാത്തിലേക്ക് വ്യാപിപ്പിക്കാനോ അനുമതി ലഭിച്ചിരുന്നില്ല.