തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് വധഭീഷണി. ജോസഫൈന് കിട്ടിയ കത്തുകളിലാണ് വധഭീഷണി സന്ദേശമുള്ളത്.

തപാലില്‍ മനുഷ്യവിസര്‍ജ്ജം ലഭിച്ചെന്നും സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതായും എം.സി ജോസഫൈന്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് ജോസഫൈന് വധഭീഷണി കത്ത് ലഭിക്കുന്നത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ നിലപാടെടുത്ത വ്യക്തിയായിരുന്നു ജോസഫൈന്‍. ജോസഫൈന്റെയും വനിതാ കമ്മീഷന്റേയും നിലപാടുകളെ വിമര്‍ശിച്ച് പി.സി. ജോര്‍ജ്ജ് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

സംസ്ഥാന വനിതാ കമ്മീഷനെ വിരട്ടി കീഴടക്കാന്‍ ആരും നോക്കേണ്ടെന്നും ശക്തമായ നിലപാടുകളുമായി വനിതാ കമ്മീഷന്‍ മുന്നോട്ടുനീങ്ങുമെന്നും ജോസഫൈന്‍ പ്രതികരിച്ചിരുന്നു.

അതേസമയം വധഭീഷണികത്തിനെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പി.കെ ശ്രീമതി എം.പി പറഞ്ഞു.