തിരുവനന്തപുരം: അമ്മക്കെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയുള്ള സൂപ്പര്‍താരങ്ങളുടെ മൗനം അത്ഭുതപ്പെടുത്തുന്നതായി ജോസഫൈന്‍ പറഞ്ഞു.

ഇത്രയും ശബ്ദകോലാഹലങ്ങളും വാഗ്വാദങ്ങളും നടന്ന സംഭവമായിട്ടും സൂപ്പര്‍താരങ്ങള്‍ പ്രതികരിക്കാതിരിക്കുന്നത് തന്നെ ഞെട്ടിച്ചെന്നും എം.സി ജോസഫൈന്‍ പറയുന്നു.


Dont Miss ഇത്രയെങ്കിലും നീതി കിട്ടിയ കേരളത്തിലെ ആദ്യ പെണ്‍കുട്ടി നീയാണ്; ആക്രമിക്കപ്പെട്ട നടിയോട് ഭാഗ്യലക്ഷ്മി


ഇത്രയും വലിയ വിഷയം നടക്കുമ്പോള്‍ തീര്‍ച്ചയായും അവര്‍ പ്രതികരിക്കേണ്ടതായിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്ത ഉടന്‍ തന്നെ അദ്ദേഹത്തെ അമ്മയില്‍ നിന്ന് പുറത്താക്കി എന്ന ഒരു വാചകം പറയാന്‍ ആ സംഘടനയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ആര്‍ജ്ജവം കാട്ടിയില്ലെന്നും ജോസഫൈന്‍ കുറ്റപ്പെടുത്തി.

ദിലീപിനെ പുറത്താക്കിയേക്കും എന്ന് മാത്രമാണ് കേള്‍ക്കുന്നത്. ഇങ്ങനെയാണോ വേണ്ടത്. ഇത്രയും പ്രമാദമായ ഒരു കേസില്‍ മലയാളത്തിലെ വലിയൊരു നടനാണ് അറസ്റ്റിലായത്. ആ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ ഉടന്‍ തന്നെ നടപടിയെക്കാന്‍ അമ്മ സംഘടന തയ്യാറാകേണ്ടിയിരുന്നെന്നും ജോസഫൈന്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് ആത്മധൈര്യം നല്‍കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ജോസഫൈന്‍ പ്രതികരിച്ചു.

14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിലീപിനെ ഇന്ന് 7.30 ഓടെയാണ് ആലുവ സബ്ജയിലിലെത്തിച്ചത്. ജയിലിലെത്തി വളരെ പെട്ടെന്നുതന്നെ ജയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ദിലീപിനെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചു. ദിലീപിനെ എത്തിക്കുന്നതിനു ജയിലില്‍ പ്രവേശിപ്പിക്കുന്നതിനുള്ള മുന്‍പുതന്നെ നടപടിക്രമങ്ങള്‍ക്ക് അധികൃതര്‍ തയ്യാറെടുത്തിരുന്നു.

ദിലീപിന് ജയിലില്‍ പ്രത്യേക സെല്‍ നല്‍കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. ജയില്‍ അധികൃതരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടെതന്നും പോലീസ് പറഞ്ഞു. 120 ബി വകുപ്പാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത്. 19 തെളിവുകള്‍ ദിലീപിനെതിരായി പോലീസ് ഹാജരാക്കി.

കൊച്ചിയില്‍ ഒരു ചിത്രത്തിന്റെ ഡബ്ബിങിന് തൃശ്ശൂരില്‍ നിന്ന് കാറില്‍ വരുമ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തത്. നടി നല്‍കിയ പരാതിയെ തുടര്‍ന്ന് ആദ്യം പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ ദിലീപിനെയും അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും വിളിച്ചുവരുത്തി പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് പോലീസിന് നിര്‍ണായകമായ ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇതിന്റ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് ഇന്നലെ ദിലീപിന്റെ അറസ്റ്റില്‍ കലാശിച്ചത്.