ന്യൂദല്‍ഹി: എം.ബി.ബി.എസ് പ്രവേശന നടപടികള്‍ക്കായി മാനേജ്‌മെന്റുകള്‍ക്ക് കൂടുതല്‍ സമയം നല്‍കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ്. മെയ് 15നകം പ്രവേശന പരീക്ഷ നടത്താനും 20ന് റിസള്‍ട്ട് പുറത്തുവിടാനുമാണ് കോടതി മാനേജ്‌മെന്റുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. മെയ് 25നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി.

എംബിബിഎസ് പ്രവേശന പരീക്ഷാ നടത്തിപ്പിനുള്ള സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹരജി പരിഗണിച്ച് സുപ്രീം കോടതിയാണ് ഉത്തരവിട്ടത്. ഇന്റര്‍ ചര്‍ച്ച് കോളജുകള്‍ ഒഴികേയുള്ള 11 കോളജുകള്‍ക്കാണ് അനുമതി.

മാനേജ്‌മെന്റ് അസോസിയേഷന്‍ ആവശ്യത്തെ സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പിന്തുണക്കുകയായിരുന്നു. എം.ബി.ബി.എസ് കോഴ്‌സില്‍ 50 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്താമെന്ന് മാനേജ്‌മെന്റ് കോടതിയെ അറിയിച്ചിരുന്നു.