എഡിറ്റര്‍
എഡിറ്റര്‍
‘അച്ചേദിന്‍ വാഗ്ദാനം ചെയ്തവര്‍ ഈ പാവങ്ങളുടെ കൂലിയെങ്കിലും കൊടുത്താല്‍ മതിയായിരുന്നു’; കൂലി ലഭിക്കാനായി തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിയ സമരത്തിന് പിന്തുണയുമായി എം.ബി രാജേഷ്
എഡിറ്റര്‍
Tuesday 9th May 2017 7:28pm

പാലക്കാട്: ആറ് മാസങ്ങളായി മുടങ്ങിയ തങ്ങളുടെ കൂലി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിയ സമരത്തിന് പിന്തുണയുമായി പാര്‍ലമെന്റ് അംഗം എം.ബി രാജേഷ്. പാലക്കാട്ട് ഇന്ന് നടത്തിയ സമരത്തില്‍ അദ്ദേഹം പങ്കെടുത്തു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.ബി രാജേഷ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റില്‍ കേന്ദ്രസര്‍ക്കാറിനെതിരെ എം.ബി രാജേഷ് ആഞ്ഞടിച്ചു. മുന്‍പ് നരേന്ദ്രമോദി കേരളത്തെ സൊമാലിയ എന്ന് വിളിച്ചത് അട്ടപ്പാടിയെ ഉദ്ദേശിച്ചാണ് എന്ന് വിശദീകരിച്ചവര്‍ അവിടത്തെ ആദിവാസികള്‍ക്ക് കൂലി പോലും കൊടുക്കാത്ത കേന്ദ്രഭരണത്തിന്റെ വക്താക്കളാണെന്ന് എം.പി പറഞ്ഞു.


Don’t Miss: വനിത ഏകദിന ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ താരത്തെ അറിയാം Click Here


അച്ചേദിന്‍ വാഗ്ദാനം ചെയ്തവര്‍ ഈ പാവങ്ങളുടെ കൂലിയെങ്കിലും കൊടുത്താല്‍ മതിയായിരുന്നു. ആറ് മാസങ്ങളായി പാലക്കാട്ടേതടക്കം  കേരളത്തിലെ മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും കൂലി ലഭിച്ചിട്ട്. ഇക്കാര്യം കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഒറ്റക്കെട്ടായി പാര്‍ലിമെന്റില്‍ ഉന്നയിക്കുകയും വിഷുവിന് മുമ്പ് കൂലി കുടിശ്ശിക കൊടുത്തു തീര്‍ക്കണമെന്ന് ആവശ്യപെടുകയും ചെയ്തപ്പോള്‍ പിശുക്കി പിശുക്കി 120 കോടി രൂപ മോദി സര്‍ക്കാര്‍ കുടിശ്ശിക ഇനത്തില്‍ കൊടുത്തുവെന്നും ഇനിയും 635 കോടി രൂപ കുടിശ്ശികയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യധാരാ മാധ്യമങ്ങള്‍ക്കെതിരെയും എം.ബി രാജേഷ് രംഗത്തെത്തി. ചോര നീരാവിയാകുന്ന കൊടും ചൂടില്‍ പണി എടുത്തതിന്റെ കൂലിക്കായി തെരുവിലിറങ്ങേണ്ടി വന്ന, 90 ശതമാനവും സ്ത്രീകള്‍ ഉള്‍പ്പെട്ട മഹാജനസഞ്ചയത്തിന്റെ ദൃശ്യങ്ങള്‍ ഒരു ചാനലിന്റേയോ വന്‍കിട പത്രത്തിന്റേയോ ക്യാമറകള്‍ ഒപ്പിയെടുത്തില്ല. അവരുടെ രോഷവും വേദനയും ഈ മാധ്യമങ്ങള്‍ക്കൊന്നും വിഷയവുമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എം.ബി രാജേഷ് എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:

ചോര നീരാവുകയല്ല, നീരാവിയാകുകയാണ്. അങ്ങനെയുള്ള കൊടുംചൂടില്‍ ചോര നീരാവിയാക്കി പണിയെടുത്ത ആയിരകണക്കിന് പാവപ്പെട്ടവര്‍ അവരില്‍ 90 ശതമാനവും സ്ത്രീകള്‍. പണി എടുത്തതിന്റെ കൂലിക്കായി തെരുവിലിറങ്ങേണ്ടിവന്നിരിക്കുകയാണ്. നീതിക്കായി തെരുവിലിറങ്ങിയ ഈ മഹാജനസഞ്ചയത്തിന്റെ ദൃശ്യങ്ങള്‍ ഒരു ചാനലിന്റെയും വന്‍കിട പത്രത്തിന്റെയും ക്യാമറകള്‍ ഒപ്പിയെടുത്തില്ല. അവരുടെ രോഷവും വേദനയും ഈ മാധ്യമങ്ങള്‍ക്കൊന്നും വിഷയവുമാവില്ല. അച്ചേ ദിന്‍ വാഗ്ദാനം ചെയ്തവര്‍ ഈ പാവങ്ങളുടെ കൂലിയെങ്കിലും കൊടുത്താല്‍ മതിയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ കൂലിക്ക് വേണ്ടി നടത്തിയ സമരത്തില്‍ ഇന്ന് പാലക്കാട്ട് ഞാനും പങ്കെടുക്കുകയുണ്ടായി. ആയിരകണക്കിന് തൊഴിലാളി സ്ത്രീകളാണ് സമരത്തില്‍ അണിനിരന്നത്. 6 മാസമായി അവരുള്‍പ്പടെ കേരളത്തിലാകെയുള്ള തൊഴിലാളികള്‍ക്ക് കൂലി ലഭ്യമായിട്ട്. ഇക്കാര്യം കേരളത്തില്‍ നിന്നുള്ള MPമാര്‍ ഒറ്റകെട്ടായി പാര്‍ലിമെന്റില്‍ ഉന്നയിക്കുകയും വിഷുവിന് മുമ്പ് കൂലി കുടിശ്ശിക കൊടുത്തു തീര്‍ക്കണമെന്ന് ആവശ്യപെടുകയും ചെയ്തപ്പോള്‍ പിശുക്കി പിശുക്കി 120 കോടിരൂപ മോഡി സര്‍ക്കാര്‍ കുടിശ്ശിക ഇനത്തില്‍ കൊടുത്തു. ഇനിയുമുണ്ട് കുടിശ്ശിക 635കോടി!


Also Read: ‘മെലിഞ്ഞ സുന്ദരികളെ ഇനി വേണ്ട’; മോഡലിങ്ങില്‍ സ്ലിം ബ്യൂട്ടികളെ നിരോധിച്ച രാജ്യമേതാണെന്നറിയാമോ? Click Here


ഇന്ത്യയിലാകെ തൊഴിലാളികള്‍ക്ക് കൊടുക്കാനുള്ള കുടിശ്ശിക 18000കോടി. ഇനി അട്ടപാടിയുടെ കഥയെടുത്താലോ പാവപ്പെട്ട ആദിവാസികള്‍ക്ക് കൊടുക്കാനുള്ള കൂലി കുടിശ്ശിക 5 കോടിയിലേറെയാണ്. മോഡി കേരളം സോമാലിയയാണെന്ന് പറഞ്ഞത് അട്ടപാടി ഉദ്ദേശിച്ചാണ് എന്ന് വിശദീകരിച്ചവര്‍ അവിടത്തെ ആദിവാസികള്‍ക്ക് കൂലി പോലും കൊടുക്കാത്ത കേന്ദ്ര ഭരണത്തിന്റെ വക്താക്കളാണ്. അട്ടപാടിക്ക് വേണ്ടി കള്ളകരച്ചിലും മുതലകണ്ണീരുമായി FBയില്‍ വിളയാടുന്നവര്‍ക്ക് ഇതിനെകുറിച്ച് മിണ്ടാട്ടമെന്താ? ഉണ്ടെങ്കില്‍ ഒന്ന് മിണ്ടട്ടെ. തെറി വിളിയല്ല കൂലി എപ്പോ കൊടുക്കുമെന്നു പറയട്ടെ. 2005ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ നിയമ പ്രകാരം എടുത്ത പണിയുടെ കൂലി 14 ദിവസത്തിനകം നല്‍കണം. നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരിക്കണം. ഇവിടെ നഷ്ടപരിഹാരം പോട്ടെ പരമദരിദ്രരുടെ കൂലി പോലും പിടിച്ചു വെച്ചിരിക്കുകയാണ്. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഓരോരുത്തര്‍ക്കും വര്‍ഷത്തില്‍ 100 ദിവസം ജോലി കൊടുക്കണം. ഇന്ത്യയില്‍ ആകെ 25 കോടി രജിസ്റ്റര്‍ ചെയ്തവരില്‍ 100 ദിവസം ജോലി കിട്ടിയത് കേവലം 39ലക്ഷം പേര്‍ക്ക് മാത്രം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9 ലക്ഷം പേരുടെ കുറവ്. ദരിദ്രരുടെ ഉപജീവനം ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയെ സര്‍ക്കാര്‍ എങ്ങനെ പൊളിക്കുന്നു എന്നതിന് തെളിവ് എന്ത് വേറെ വേണം?
258രൂപ കൂലിക്ക് തൊഴിലുറപ്പിന് പണിക്കു പോകുന്നവര്‍ നമ്മുടെ സമൂഹത്തില്‍ പരമദരിദ്രരും അവരിലെ മഹാഭൂരിപക്ഷം സ്ത്രീകളുമാണ്. അവരാണിപ്പോള്‍ 6മാസമായി കിട്ടാത്ത കൂലിക്ക് തെരുവിലലയേണ്ടിവരുന്നത്. ഈ ദരിദ്രരോടും കറുത്തവരോടും നിറമില്ലാത്തവരോടും ഒക്കെ പരമപുച്ഛം മാത്രമുള്ള, വെളുത്ത ചന്തമുള്ള കുട്ടികളെ സൃഷ്ടിക്കാന്‍ വംശശുദ്ധീകരണ പരീക്ഷണങ്ങളുമായി ഇറങ്ങിയിരിക്കുന്നവര്‍ക്ക് ഈ ദുരിതമൊക്കെ കാണാന്‍ കണ്ണുണ്ടാകുമോ? പാര്‍ലിമെന്റ് പാസസാകിയ ഒരു നിയത്തിലെ വ്യവസ്ഥകളാകെ അത് നടപ്പാക്കേണ്ട ഭരണകൂടം തന്നെ പുല്ല് വില കല്പിക്കാതെ നഗന്മായി ലംഘിക്കുമ്പോള്‍ എങ്ങനെയാണ് ഈ പാവങ്ങള്‍ക്ക് നീതി കിട്ടുക. വേലി തന്നെ വിളവ് തിന്നുമ്പോള്‍ പണിയെടുത്ത ഈ പാവങ്ങള്‍ക്ക് ആരാണ് കൂലി കൊടുക്കുക.

Advertisement