Categories

‘മെഡിക്കല്‍ കോഴയുടെ ആയിരം മടങ്ങുള്ള വന്‍ അഴിമതി ഇതാണ്’; 50,000 കോടി ആസ്തിയുള്ള പൊതുമേഖല സ്ഥാപനത്തിന് കേന്ദ്രം 518 കോടി വിലയിട്ടതിന്റെ തെളിവു പുറത്തുവിട്ട് എം.ബി രാജേഷ് എം.പി

പാലക്കാട്: 50,000 കോടി രൂപയോളം ആസ്തിയുള്ള പ്രതിരോധ സ്ഥാപനമായ ബി.ഇ.എം.എല്ലിന് നരേന്ദ്രമോദി സര്‍ക്കാര്‍ വിലയിട്ടത് 518 കോടി രൂപ മാത്രം. മെഡിക്കല്‍ കോഴയുടെ ആയിരം മടങ്ങുള്ള വന്‍ അഴിമതിയെന്ന് വിശേഷിപ്പിച്ചു കൊണ്ട് പാലക്കാട് എം.പി എം.ബി രജേഷ് ഇതിന്റെ തെളിവുകള്‍ പുറത്തു വിട്ടു.

വില്‍പ്പനയ്ക്ക് വെച്ച ബി.ഇ.എം.എല്ലിന് വെറും 518.44 കോടി രൂപ മാത്രം വിലയിട്ടത്, വാങ്ങാന്‍ വരുന്ന സ്വകാര്യ കുത്തകയ്ക്ക് കൊള്ളലാഭമുണ്ടാക്കാനാണെന്ന് എം.ബി രാജേഷ് ആരോപിച്ചു. യഥാര്‍ത്ഥ വിലയുടെ നൂറിലൊന്ന് മാത്രമാണ് ഇതെന്ന് പറഞ്ഞ രാജേഷ് പാര്‍ലമെന്റില്‍ തന്റെ ചോദ്യത്തിന് ലഭിച്ച മറുപടി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.


Also Read: എണ്ണക്കള്ളന്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു; രാജസ്ഥാനിലെ എണ്ണപ്പാടത്തു നിന്ന് മോഷ്ടിച്ചത് 50 ദശലക്ഷം ലിറ്റര്‍ അസംസ്‌കൃത എണ്ണ


ബി.ഇ.എം.എല്ലിന്റെ ആകെ ഭൂമി 4191.56 ഏക്കര്‍. ഇതില്‍ 2696.63 ഏക്കര്‍ സ്വന്തം ഭൂമിയും 1494.93 ഏക്കര്‍ പാട്ടഭൂമിയുമാണ്. ബാംഗ്ലൂര്‍, കോലാര്‍, ചെന്നൈ, മൈസൂര്‍, ന്യൂദല്‍ഹി, മുംബൈ, പൂനെ, റാഞ്ചി, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലുള്ള ഭൂമിയുടെ ആകെ വിപണിമൂല്യം 33170 കോടിയാണെന്നും എന്നാല്‍ മോദി സര്‍ക്കാരിന്റെ കണക്കില്‍ ഇതു വെറും 92 കോടിയാണെന്നും രാജേഷ് ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ പത്തു വര്‍ഷം രാജ്യത്തിന്റെ ഖജനാവിലേക്ക് ബി.ഇ.എം.എല്‍ നികുതിയിനത്തില്‍ മാത്രം നല്‍കിയത് 6409.89 കോടി രൂപയാണ്. ഇക്കഴിഞ്ഞ വര്‍ഷം മാത്രം നികുതിയടച്ചത് 693.46 കോടിയാണ്. അതിനേക്കാള്‍ 175 കോടി കുറവാണ് മോദി സര്‍ക്കാര്‍ കമ്പനിക്കാകെ കണക്കാക്കിയ വിലയെന്നും അദ്ദേഹം പറയുന്നു.


Don’t Miss: കളിയല്ല ഇത് കാര്യം! കുതിച്ചുയരുന്ന വില കാരണം തക്കാളിക്ക് സംരക്ഷണം നല്‍കാനായി സായുധ സേന


കഴിഞ്ഞ പത്തുവര്‍ഷം കൊണ്ടു നികുതിക്ക് പുറമെ 76.10 കോടി രൂപ വേറെയും ഖജനാവിന് നല്‍കാന്‍ സ്ഥാപനത്തിന് കഴിഞ്ഞുവെന്നും രാജേഷ് പറഞ്ഞു. നികുതി അടച്ച ശേഷമുള്ള ലാഭം മാത്രം 1141. 36 കോടി രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമ്പതിനായിരം കോടി രൂപയുടെ ദേശീയ സ്വത്തിനു വെറും 518 കോടി വിലയിട്ട് ആയിരക്കണക്കിന് കോടിയുടെ അഴിമതിക്ക് കളമൊരുക്കിയവര്‍ക്കെതിരെ രാജ്യസ്‌നേഹികള്‍ പ്രതികരിക്കമമെന്നും രാഷ്ട്രീയം മറന്ന് ഒന്നിക്കമമെന്നും പറഞ്ഞു കൊണ്ടാണ് രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

എം.ബി രാജേഷ് എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍:

മാപ്പര്‍ഹിക്കാത്ത കാട്ടുകൊള്ള എല്ലാവരും അറിയുക. ഈ കൊടും വഞ്ചനക്കും രാജ്യദ്രോഹത്തിനുമെതിരെ പ്രതികരിക്കുക. മെഡിക്കല്‍ കോഴയുടെ ആയിരം മടങ്ങുള്ള വന്‍ അഴിമതി ഇതാണ്.
ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്ഥാപനം ബി. ഇ. എം. എല്‍ (ബെമല്‍) ന്റെ ആകെ ആസ്തി ഏറ്റവും ചുരുങ്ങിയത് 50000 കോടി. മോഡി സര്‍ക്കാര്‍ കണക്കാക്കിയത് വെറും 518. 44കോടി മാത്രം !യഥാര്‍ത്ഥ വിലയുടെ നൂറിലൊന്ന് വില്‍പ്പനക്ക് വച്ചിട്ടുള്ള ബെമലിന് ഇങ്ങനെ വിലയിട്ടത്, വാങ്ങാന്‍ വരുന്ന സ്വകാര്യ കുത്തകക്ക് കൊള്ളലാഭമുണ്ടാക്കാന്‍ വേണ്ടിയാണ്. (ഞാന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് വെള്ളിയാഴ്ച ലഭിച്ച മറുപടി ഇവിടെ നല്‍കുന്നു. )
1. ബെമലിന്റെ ആകെ ഭൂമി 4191. 56 ഏക്കര്‍. ഇതില്‍ 2696. 63 ഏക്കര്‍ സ്വന്തം ഭൂമിയും 1494. 93 ഏക്കര്‍ പാട്ടഭൂമിയുമാണ്. ബാംഗ്ലൂര്‍, കോലാര്‍, ചെന്നൈ, മൈസൂര്‍, ന്യൂഡല്‍ഹി, മുംബൈ, പൂനെ, റാഞ്ചി, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലുള്ള ഭൂമിയുടെ ആകെ വിപണിമൂല്യം 33170 കോടി. മോഡി സര്‍ക്കാരിന്റെ കണക്കില്‍ വെറും 92കോടി !
2. കഴിഞ്ഞ പത്തുവര്‍ഷം രാജ്യത്തിന്റെ ഖജനാവിലേക്ക് ബെമല്‍ നികുതിയിനത്തില്‍ മാത്രം നല്‍കിയത് 6409. 89കോടി രൂപ. ഇക്കഴിഞ്ഞ വര്‍ഷം മാത്രം നികുതിയടച്ചത് 693. 46 കോടിയാണ്. അതിനേക്കാള്‍ 175കോടി കുറവാണ് മോഡി സര്‍ക്കാര്‍ കമ്പനിക്കാകെ കണക്കാക്കിയ വില എന്നുവരുമ്പോള്‍ ഈ പെരുംകള്ളന്മാരെ എന്തു വേണം ?
3. നികുതിക്ക് പുറമെ ഡീസന്റായി 76.10കോടി രൂപ വേറെയും ഖജനാവിന് കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് നല്‍കി.
4. നികുതി അടച്ച ശേഷമുള്ള ലാഭം മാത്രം 1141. 36 കോടി രൂപയാണ്.
അമ്പതിനായിരം കോടിയുടെ ദേശീയ സ്വത്തിനു വെറും 518 കോടി വിലയിട്ട് ആയിരക്കണക്കിന് കോടിയുടെ അഴിമതിക്ക് കളമൊരുക്കിയവര്‍ക്കെതിരെ രാജ്യസ്‌നേഹികള്‍ പ്രതികരിക്കുക. രാഷ്ട്രീയം മറന്നു ഒന്നിക്കുക

എം.ബി. രാജേഷിന്റെ ചോദ്യത്തിന് പാര്‍ലമെന്റില്‍ ലഭിച്ച മറുപടി:

 


Tagged with: |