എഡിറ്റര്‍
എഡിറ്റര്‍
എം.ബി രാജേഷ് എം.പിയെ തെറ്റിദ്ധരിപ്പിച്ച് ചര്‍ച്ചക്കെത്തിച്ച് അര്‍ണബ് ഗോസ്വാമി; അര്‍ണബ് ആര്‍.എസ്.എസിന്റെ മീഡിയാ ഗുണ്ടയെന്ന് എം.പി
എഡിറ്റര്‍
Saturday 27th May 2017 6:51pm

 

പാലക്കാട്: എം.ബി രാജേഷ് എം.പിയെ തെറ്റിദ്ധരിപ്പിച്ച് ചാനല്‍ ചര്‍ച്ചക്കെത്തിച്ച് അര്‍ണബ് ഗോസ്വാമി. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഭരണത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കായ് ക്ഷണിച്ച് സ്റ്റുഡിയോവില്‍ നിന്ന് വേറെ വിഷയം ചര്‍ച്ചചെയ്താണ് എം.പിയെ അര്‍ണബ് ഗോസ്വാമി ‘അക്രമിച്ചത്’.


Also read ‘ഉയ്യോ.. ട്രോളെന്നു വെച്ചാ ഇതാണ് ട്രോള്‍’; കെ സുരേന്ദ്രനു മറുപടിയായി വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മിനുട്ടുകള്‍ക്കകം നൂറുകണക്കിന് ലൈക്കുകള്‍ 


മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ റിപ്പബ്ലിക് ചാനല്‍ നടത്തുന്ന ചര്‍ച്ച എന്ന രീതിയിലായിരുന്നു എം.പിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ ചര്‍ച്ച തുടങ്ങി ഏതാനം നിമിഷങ്ങള്‍ക്കകം തന്നെ വിഷയം മാറ്റി സൈന്യത്തിന്റെ പ്രത്യേക അധികാര നിയമവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം ചര്‍ച്ചയ്ക്കെടുക്കുകയായിരുന്നെന്ന് എം.ബി രാജേഷ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘താന്‍ സമയത്തിന് മുമ്പ് തന്നെ സ്റ്റുഡിയോവിലെത്തിയിരുന്നു അവിടെയെത്തുമ്പോള്‍ തന്നോട് പറഞ്ഞ വിഷയത്തിലുള്ള ചര്‍ച്ച നടക്കുകയാണ്. അത് അവസാനിക്കാന്‍ പോകുകയായിരുന്നു. അപ്പോള്‍ താന്‍ സ്റ്റുഡിയോവില്‍ നിന്നും വിഷയം അത് തന്നെയാണോയെന്ന് ഉറപ്പാക്കാന്‍ പറഞ്ഞു. അതനുസരിച്ച് ജീവനക്കാരന്‍ മുംബൈ റിപ്പബ്‌ളിക് ചാനലിലേക്ക് വിളിക്കുകയും വിഷയം ഇത് തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്തു. പിന്നീട് ചര്‍ച്ചയാരംഭിച്ചപ്പോഴാണ് വിഷയം മാറിയത് താനറിയുന്നത്.’ എം.പി പറഞ്ഞു.


Dont miss ‘ഡാ മലരേ, കാളേടെ മോനെ…’ കശാപ്പ് നിരോധനത്തില്‍ മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വി.ടി ബല്‍റാംYou must read this ദല്‍ഹിയില്‍ തന്നെ ബലാത്സംഗം ചെയ്തയാളെ യു.എസ് യുവതി ഫേസ്ബുക്കിലൂടെ കുടുങ്ങിയതിങ്ങനെ


രാജീവ് ചന്ദ്രശേഖറിന്റെ താല്‍പ്പര്യപ്രകാരമാണ് കേരളത്തില്‍ ആരും ചര്‍ച്ചചെയ്യാത്ത ഒരു വിഷയം, ദേശീയ ചാനല്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നതെന്ന് പറഞ്ഞ എം.പി താന്‍ ചര്‍ച്ചയില്‍ അത് ചൂണ്ടിക്കാട്ടിയിരുന്നെന്നും ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ‘ നിങ്ങളുടെ സഹോദര സ്ഥാപനമായ ഏഷ്യാനെറ്റ് ന്യൂസ് പോലും ഈ വിഷയം ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല. വസ്തുത എന്താണെന്ന് കേരളത്തില്‍ എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ ഒരു പച്ച നുണ പ്രചരിപ്പിക്കുകയാണെന്ന് താന്‍ പറഞ്ഞു.’

രാജീവ് ചന്ദ്രശേഖരിന്റെ താല്‍പ്പര്യമാണ് റിപ്പബ്‌ളിക് ചാനലില്‍ നടക്കുന്നതെന്നും എം.പി പറഞ്ഞു. ‘രാജീവ് ചന്ദ്രശേഖരിന്റെ ശബളക്കാരനെന്ന നിലക്ക് അര്‍ണബ് സംസാരിക്കുകയാണ്, ആ ജോലി ചെയ്യുകയാണ്. കേരളത്തിലെ സി.പി.ഐ.എമ്മിനെ ടാര്‍ഗെറ്റ് ചെയ്ത് കൊണ്ട്.’ അദ്ദേഹം പറഞ്ഞു.

‘കേരളത്തില്‍ ആരും ചര്‍ച്ചചെയ്യാത്ത വിഷയമാണത്. അധാര്‍മ്മികവും സത്യസന്ധമാല്ലാത്തതുമായ കാര്യം. ഏഷ്യാനെറ്റ് സ്റ്റുഡിയോവില്‍ നിന്ന് ജീവനക്കാരന്‍ വിളിച്ച് വിഷയം ഉറപ്പിച്ചതുമായിരുന്നു. പിന്നെ ചര്‍ച്ച തുടങ്ങിയാല്‍ അല്ലെ നമുക്ക് അറിയാന്‍ കഴിയു. പിന്നെ നമ്മള്‍ അവിടെ നിന്ന് എഴുനേറ്റാല്‍ ഒളിച്ചോടിയെന്നു പറയും.’ എം.പി പറഞ്ഞു.

അര്‍ണബിനെ ഒരു മാധ്യമപ്രവര്‍ത്തകനായ് കണക്കാക്കാന്‍ കഴിയില്ലെന്നും ആര്‍.എസ്.എസിന്റെ മീഡിയാ ഗുണ്ടയാണയാളെന്നും എം.ബി രാജേഷ് പറഞ്ഞു. ‘ ആര്‍.എസ്.എസിന്റെ മീഡിയാ ഗുണ്ട എന്നേ അയാളെ കണക്കാക്കാന്‍ കഴിയൂ’. അദ്ദേഹം പറയുന്നു.

Advertisement