mb-rajeshകണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം.ബി രാജേഷ് രംഗത്ത്. ചിലര്‍ കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപ്പിള്ളക്കുമെതിരെ നിരന്തരം പ്രസംഗിച്ചു നടക്കുന്നത് കയ്യടി കിട്ടാനാണെന്ന് രാജേഷ് ആരോപിച്ചു.

ഇവര്‍ക്കെതിരെ സംസാരിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തമസ്‌കരിക്കപ്പെടും. ഇത് അധ്വാനമില്ലാത്ത പണിയും അരാഷ്ട്രീയ നടപടിയുമാണെന്നും രാജേഷ് ആരോപിച്ചു. കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപ്പിള്ളക്കുമെതിരെ ചിലര്‍ എരിവും പുളിയും ചേര്‍ത്ത് പറയുകയാണ്. ഇത് കയ്യടി കിട്ടാനാണ്. നൈമിഷികമായ ആഹ്ലാദം മാത്രമേ ഇതുണ്ടാക്കുകയുള്ളൂ. ചെറുപ്പക്കാര്‍ ഇത്തരം രീതിയില്‍ തിരിയുന്നത് ശരിയല്ല. വളരെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യമുണ്ടായിവരുമ്പോള്‍ അതുമായി സംവദിക്കാന്‍ അവര്‍ തയ്യാറാവണം’- രാജേഷ് പറഞ്ഞു.

ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയും അഴിമതിക്കേസില്‍ ബാലകൃഷ്ണപ്പിള്ളക്കെതിരെയും ശക്തമായി രംഗത്തുള്ള നേതാവാണ് വി.എസ് അച്ച്യുതാനന്ദന്‍. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടുവെങ്കിലും അനധികൃതമായി പരോള്‍ നേടിയ ബാലകൃഷ്ണപ്പിള്ളക്കെതിരെ വി.എസ് ഇപ്പോഴും രംഗത്തുണ്ട്. ഐസ്‌ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അടുത്തിടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

എം.ബി രാജേഷിന്റെ പ്രതികരണം

ഒന്നരമണിക്കൂര്‍ നീണ്ട എന്റെ പ്രസംഗത്തില്‍ നിന്നും ചെറിയൊരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ഞാന്‍ വി.എസിനെതിരെ പറഞ്ഞു എന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് ശരിയായില്ല. തന്റെ പ്രസംഗം കേട്ടുകൊണ്ട് 300 ലധികം ആളുകള്‍ അവിടെയുണ്ടായിരുന്നു. അവര്‍ക്കാര്‍ക്കും ഞാന്‍ വി.എസിനെ കുറ്റപ്പെടുത്തിയതായിട്ടോ, കുഞ്ഞാലിക്കുട്ടിയെയും ബാലകൃഷ്ണപിള്ളയെയും അനുകൂലിച്ചതായിട്ടോ തോന്നിയിട്ടില്ല.

പ്രാധാന്യമുള്ള പല കാര്യങ്ങളുമുള്ളപ്പോള്‍ ചെറിയ കാര്യങ്ങളില്‍ വല്ലാതെ ഇടപെടുന്നത് ഒഴിവാക്കണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഈ സന്ദര്‍ഭം വ്യക്തമാക്കാന്‍ കുഞ്ഞാലിക്കുട്ടിയുടേയും, ബാലകൃഷ്ണപിള്ളയുടേയും ഉദാഹരണം പറഞ്ഞെന്നേയുള്ളൂ. കുഞ്ഞാലിക്കുട്ടിയെയും പിള്ളയെയും അനുകൂലിച്ചല്ല ഞാന്‍ സംസാരിച്ചത്. എന്റെ വാക്കുകള്‍ വളച്ചൊടിച്ച മാധ്യമങ്ങളുടെ നടപടിയെ സംസ്‌കാരശൂന്യം എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ. കുറേക്കൂടി മര്യാദ മാധ്യമങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇത്ര നിലവാരമില്ലാതെ പെരുമാറരുത്. മാധ്യമങ്ങളുടെ താല്‍പര്യം തന്റെ പേരില്‍ അടിച്ചേല്‍പ്പിക്കരുത്.