എഡിറ്റര്‍
എഡിറ്റര്‍
താജ് കോറിഡോര്‍ കേസ്: മായാവതിക്കെതിരായ കേസ് ഹൈക്കോടതി തള്ളി
എഡിറ്റര്‍
Monday 5th November 2012 12:03pm

അലഹബാദ്: താജ് കോറിഡോര്‍ കേസുമായി ബന്ധപ്പെട്ട് ബി.എസ്.പി നേതാവായ മായാവതിയെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

മായാവതിയെ വിചാരണ ചെയ്യരുതെന്ന ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. കേസിലെ പൊതുതാല്‍പര്യ ഹരജിയാണ് കോടതി തള്ളിയത്. മായാവതിയെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ആറ് ഹരജികളും ഇതൊടൊപ്പം തള്ളിയിട്ടുണ്ട്. രാഷ്ട്രീയപ്രേരിതമാണ് കേസെന്ന് കോടതി നിരീക്ഷിച്ചു.

Ads By Google

2007 ല്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ടി.വി രാജേശ്വര്‍ മായാവതിയെയും അടുത്ത സഹായി നസീമുദ്ദീന്‍ സിദ്ധിഖിയെയും പ്രോസിക്യൂട്ട് ചെയ്യുന്നത് തടഞ്ഞിരുന്നു.

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കേസില്‍ അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ അതോടൊപ്പം തന്നെ മായാവതിയുടെ സ്വത്തുക്കളും അന്വേഷിച്ചിരുന്നു. സി.ബി.ഐ കോടതിയില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ നടപടിയായിരുന്നു ഇത്. മായാവതിക്ക് പുറമേ പരിസ്ഥിതി മന്ത്രിയായിരുന്ന നസീമുദ്ദീന്‍ സിദ്ദിഖിയുടെ സ്വത്തും സി.ബി.ഐ പരിശോധിച്ചിരുന്നു.

മായാവതിയും സിദ്ദിഖിയും ഗൂഡാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ചെയ്തതായി 2007ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.ബി.ഐ വ്യക്തമാക്കിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ഇരുവരെയും വിചാരണയ്ക്ക് ചെയ്യാന്‍ സി.ബി.ഐ ഗവര്‍ണറുടെ അനുമതി തേടിയെങ്കിലും നിഷേധിക്കുകയായിരുന്നു. 17 കോടി രൂപയുടെ അഴിമതിക്കേസില്‍ മായാവതിക്കെതിരായ സി.ബി.ഐ അന്വേഷണം ഇതോടെ നിലയ്ക്കുകയും ചെയ്തു.

ഇതു ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജികളിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി.

ഇതിനെതിരേയായിരുന്നു ഹരജി സമര്‍പ്പിച്ചിരുന്നത്. പൊതുപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സി.ബി.ഐയ്ക്ക് അനുമതി ആവശ്യമില്ലെന്നും നിരവധി കേസുകളിലെ സുപ്രീംകോടതി വിധികളില്‍ ഇക്കാര്യം വ്യക്തമാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.

പരിസ്ഥിതി അനുമതി ഇല്ലാതെ താജ് മഹലിന്റെ പരിസരപ്രദേശം മോടിപിടിച്ചതിലൂടെ മായാവതി 17 കോടി രൂപ പാഴാക്കിയെന്നാണ് കേസ്. പരിസ്ഥിതി അനുമതി ഇല്ലാതെയാണ് മായാവതി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. 2002ലാണ് താജ് നവീകരണത്തിന് മായാവതി പദ്ധതിയിട്ടത്. 175 കോടി രൂപയുടെതായിരുന്നു പദ്ധതി.

Advertisement