ലഖ്‌നൗ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ പരാതിയുമായി ബി.എസ്.പി അധ്യക്ഷ മായവതി കോടതിയെ സമീപിക്കുന്നു. യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്യമം കാട്ടിയാണ് ബി.ജെ.പി വിജയിച്ചതെന്ന തങ്ങളുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖവിലയ്‌ക്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് മായവതി കോടതിയെ സമീപിക്കുന്നത്.


Also read എനിക്കൊരു ഫത്‌വയെയും ഭയമില്ല; ഞാന്‍ പാടുക തന്നെ ചെയ്യും; മത പുരോഹിതരുടെ വിലക്കിനെതിരെ യുവഗായിക


തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനെതിരെ എല്ലാമാസവും പതിനെന്നാം തീയ്യതി ‘ജനാധിപത്യത്തെ കശാപ്പ്’ ചെയ്ത ദിനമായി പരിഗണിച്ച് കരിദിനം ആചരിക്കുമെന്നും മായവതി അറിയിച്ചു. സത്യസന്ധമായ രീതിയിലായിരുന്നില്ല സംസ്ഥാനത്തെ ബി.ജെ.പി ജയമെന്നും നെറികേടിലൂടെയാണ് അവര്‍ വിജയിച്ചതെന്നും മായവതി പറഞ്ഞു.

‘ഫലപ്രഖ്യാപനമുണ്ടായ മാര്‍ച്ച് 11നു തന്നെ തെരഞ്ഞെടുപ്പിന്റെ അപാകതകളെക്കുറിച്ച് തങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് വരെയും വ്യക്തമായ ഒരു മറുപടി പാര്‍ട്ടിക്ക് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ല. അതിനാല്‍ കോടതിയെ സമീപിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഈ തട്ടിപ്പില്‍ നിന്നും ജനാധിപത്യത്തെ രക്ഷിക്കണം.’ മായവതി പറഞ്ഞു.

കഴിഞ്ഞ നിയമസഭയില്‍ 80 അംഗങ്ങളുണ്ടായ ബി.എസ്.പിയ്ക്ക് ഇത്തവണ 19 സീറ്റ് മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നു തുടങ്ങിയപ്പോള്‍ തന്നെ വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് മായവതി ആരോപിച്ചിരുന്നു.

ഏത് സ്ഥാനാര്‍ഥിയ്ക്ക് വോട്ട് ചെയ്താലും ബി.ജെ.പിയ്ക്ക് ലഭിക്കുന്ന തരത്തിലാണ് വോട്ടിംഗ് മെഷീനുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്നായിരുന്നു മായാവതിയുടെ ആരോപണം. എന്നാല്‍ മായവതിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.