ലക്‌നൗ: ബി.എസ്.പി എം.എല്‍.എ പീഡിപ്പിച്ചതായി പരാതിപ്പെട്ട പെണ്‍കുട്ടിയെ ജയില്‍മോചിതയാക്കാന്‍ മുഖ്യമന്ത്രി മായാവതി ഉത്തരവിട്ടു. മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ഇപ്പോള്‍ പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ ജീവന് സുരക്ഷ നല്‍കാന്‍ അവര്‍ ആഭ്യന്തര സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

പെണ്‍കുട്ടിക്ക് നീതി എത്രയും പെട്ടെന്ന് ഉറപ്പാക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ‘എം.എല്‍.എ കൃത്രിമമായി നിര്‍മ്മിച്ചതാണ് പെണ്‍കുട്ടിക്കെതിരെയുള്ള കേസെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നീതി ലഭ്യമാക്കാന്‍ അതിവേഗ കോടതിയുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. പീഡനക്കേസില്‍ എം.എല്‍.എ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും’ മായാവതി പറഞ്ഞു.

അതേസമയം തന്നെ കേസില്‍ കുടുക്കിയവരോട് പ്രതികാരം ചെയ്യുമെന്ന് അറസ്റ്റിലായ ബി.എസ്.പി എം.എല്‍.എ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു.