ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി വീണ്ടും ദലിത് കാര്‍ഡ് ഇറക്കുന്നു. ലോക്പാല്‍ ബില്‍ രൂപീകരിക്കാനുള്ള സമിതിയില്‍ എന്തുകൊണ്ട് ദളിതരെ ആരെയും ഉള്‍പ്പെടുത്തിയില്ല എന്നാണ് മായാവതി ചോദിക്കുന്നത്.

സ്വാതന്ത്ര്യം നേടി വര്‍ഷം കുറേ പിന്നിട്ടിട്ടും ദളിതരുടെ സ്ഥിതി പരമദയനീയമാണ്. ലോക്പാല്‍ ബില്‍ രൂപീകരിക്കാനുള്ള സമിതിയില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ആരെയും ഉള്‍പ്പെടുത്താത്തത് അപലപനീയമാണെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്ത രീതിയിലും അവര്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രീയപാര്‍ട്ടിയുടെ പിന്തുണയില്ലാത്ത ദളിത് വിഭാഗത്തില്‍പ്പെട്ട ആളെ സമിതിയിലെത്തിക്കണം എന്നാണ് മായാവതി ആവശ്യപ്പെടുന്നത്. അഴിമതിയാരോപണം ഉന്നയിക്കപ്പെട്ടവരെ സമിതിയില്‍ ചേര്‍ക്കുന്നതിനോട് യോജിപ്പില്ലെന്നും മായാവതി വ്യക്തമാക്കി.