ന്യൂദല്‍ഹി: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിക്കെതിരെ വ്യക്തവും വിശ്വാസ്യവുമായ തെളിവുകള്‍ ലഭിച്ചതായി സി.ബി.ഐ. സുപ്രിംകോടതിയെ അറിയിച്ചു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന മായാവതിയുടെ ഹര്‍ജിയിന്മേല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സി.ബി.ഐ. ഇതറിയിച്ചത്. നികുതിവെട്ടിപ്പു സംബന്ധിച്ച കുറ്റാരോപണത്തില്‍നിന്ന് ആദായനികുതി കമ്മീണര്‍ തന്നെ വിമുക്തയക്കിയത് ചൂണ്ടിക്കാട്ടിയാണ് മായാവതിയുടെ ഹര്‍ജി. എന്നാല്‍, കമ്മീഷണറുടെ ഉത്തരവിനെതിരേ ആദായനികുതി വകുപ്പുതന്നെ ആദായനികുതി അപ്പലേറ്റ് െ്രെടബ്യൂണലിനെ സമീപിച്ചതായി സി.ബി.ഐ.യുടെ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

താജ് പൈതൃക ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ട 17 കോടി രൂപയുടെ അഴിമതിക്കേസില്‍നിന്ന് മായാവതിയെ സി.ബി.ഐ. നേരത്തേ ഒഴിവാക്കായിരുന്നു. 2003ല്‍ ഒരുകോടിയുടെ സ്വത്തു മാത്രമുണ്ടായിരുന്ന മായാവതിക്ക് 2007ല്‍ 50 കോടി രൂപയുടെ സ്വത്തുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തന്റെ പാര്‍ട്ടിപ്രവര്‍ത്തകര്‍ നല്‍കിയ സംഭാവനയാമെന്നാണ് മായാവതിയുടെ വാദം.

തിങ്കളാഴ്ച നടക്കാനിരിക്കുന്ന വാദം കേള്‍ക്കല്‍ മാറ്റിവയ്ക്കണമെന്ന മായവതിയുടെ അഭിഭാഷകന്റെ അഭ്യര്‍ഥന സി ബി ഐ നിരാകരിച്ചിട്ടുണ്ട്.