നാഗ്പുര്‍: ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുമെന്ന പ്രസ്താവന ആവര്‍ത്തിച്ച് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി.

ദളിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ആര്‍.എസ്.എസും ബി.ജെ.പിയും അവസാനിപ്പിച്ചില്ലെങ്കില്‍ താനും തന്റെ അനുനായികളും ഇത്തരമൊരു തീരുമാനത്തിലേക്ക് പോകുമെന്ന് മായാവതി പറഞ്ഞു. നേരത്തേയും സമാന പ്രസ്താവനയുമായി മായാവതി രംഗത്തെത്തിയിരുന്നു.

1935 ല്‍ ഡോ.അംബേദ്കര്‍ നടത്തിയ പ്രഖ്യപനം അദ്ദേഹം ഒരു ഹിന്ദുവായാണ് ജനിച്ചതെങ്കിലും മരിക്കുമ്പോള്‍ അങ്ങനെയാവില്ല എന്നായിരുന്നു. ഹൈന്ദവ നേതാക്കള്‍ക്ക് മാറ്റത്തിനുള്ള സമയമായി 21 വര്‍ഷം അദ്ദേഹം നല്‍കി.

പക്ഷേ, ദളിതര്‍ക്കെതിരായ സമീപനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് 1956ല്‍ അദ്ദേഹം ബുദ്ധമതം സ്വീകരിച്ചു. എന്നാല്‍ അതിനുശേഷമെങ്കിലും ദളിതര്‍ക്കു നേരെയുള്ളചൂഷണങ്ങള്‍ക്ക് അവസാനമുണ്ടാകുമെന്ന് നമ്മളെല്ലാവരും ആശ്വസിച്ചു.പക്ഷേ,മാറ്റമുണ്ടായില്ല.

ഈയവസരത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും അവരുടെ നിലപാടുകളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ തന്റെ കോടിക്കണക്കിന് വരുന്ന അനുയായികള്‍ക്കൊപ്പം ഞാനും ബുദ്ധമതം സ്വീകരിക്കും. – മായാവതി പറഞ്ഞു.

നാഗ്പൂരില്‍ ആര്‍.എസ്.എസ് ആസ്ഥാനത്തിന് സമീപം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മാറിച്ചിന്തിക്കാന്‍ ഒരവസരം കൂടി നല്‍കുകയാണെന്ന് മായാവതി പറഞ്ഞത്.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി അനുനായികള്‍ നേരത്തെ ഒരുങ്ങണമെന്നും മായാവതി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ബി.ജെ.പി സര്‍ക്കാര്‍ വലിയ പരാജയമാണ്. എന്നാല്‍ അത് അവര്‍ ജനങ്ങളില്‍ നിന്നും മറിച്ചുപിടിക്കുന്നത് ദേശസ്‌നേഹത്തിന്റെ പേര് പറഞ്ഞാണ്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ബി.ജെ.പി ആരംഭിച്ചേക്കുമെന്നും അത് അവരുടെ തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും മായാവതി പറഞ്ഞു.