ന്യൂദല്‍ഹി: എതിര്‍പ്പുകള്‍ക്കിടയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി രാഷ്ട്രീയ ദളിത് സ്മാരകം ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 685 കോടി രൂപ ചിലവാക്കി നിര്‍മിച്ച സ്മാരകത്തില്‍ മായാവതിയുടെ രണ്ട് ഡസണ്‍ വലിയ പ്രതിമകളാണുള്ളത്. ഇതിനു പുറമേ മായാവതിയുടെ ഗോഡ് ഫാദര്‍ കാശി റാമിന്റെയും ഡോ. ബി.ആര്‍ അംബേദ്കറിന്റെയും പ്രതിമകളുണ്ട്. ദളിത് വിഭാഗത്തിലുള്ളവരെ ആദരിക്കാനാണ് മായാവതി ഈ സ്മാരകം നിര്‍മിച്ചത്.

Subscribe Us:

നോയ്ഡ ഫിലിംസിറ്റിയിലെ അപീജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലെത്തിയാണ് മായാവതി ഉദ്ഘാടന സ്ഥലത്തെത്തിയത്. 2,500 പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു.

മുന്‍പ് പബ്ലിക് പാര്‍ക്കായിരുന്ന സ്ഥലത്താണ് മായാവതി സ്മാരകം നിര്‍മിച്ചിരിക്കുന്നത്. 2008ല്‍ മായാവതി ഈ സ്മാരകത്തിന്റെ നിര്‍മാണം തുടങ്ങിയപ്പോള്‍ നോയ്ഡ നിവാസികള്‍ ഇതിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. സ്മാരകത്തിന്റെ നിര്‍മാണം നിരവധി പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് പരിസ്ഥിതി മന്ത്രാലയവും കണ്ടെത്തിയിരുന്നു. സ്മാരകം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ 6000 മരങ്ങളെങ്കിലും വെട്ടേണ്ടിവരുമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ഒക്കാല പക്ഷിസങ്കേതത്തിനരികിലാണ് ഈ സ്മാരകം നിര്‍മ്മിക്കുന്നത് എന്നതിനാല്‍ പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഇത് പ്രശ്‌നമാകുമെന്ന ഭീതിയും നിലനിന്നിരുന്നു.

എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ സുപ്രീംകോടതി ഈ പ്രോജക്ടിന് അനുമതി നല്‍കി. ആകെയുള്ള 84 ഏക്കര്‍ സ്ഥലത്തിന്റെ 25%ത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ബാക്കിയുള്ള പ്രദേശങ്ങളില്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കാനുമായിരുന്നു കോടതി ഉത്തരവ്.