ലഖ്‌നൗ: കടുത്ത വിമര്‍ശനങ്ങള്‍ക്കിടെ ബി എസ് പി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതിക്ക് വീണ്ടും കൂറ്റന്‍ നോട്ടുമാല. മായാവതി ലക്‌നൗവില്‍ പാര്‍ട്ടി യോഗത്തിനെത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ 18 ലക്ഷം രൂപയുടെ നോട്ടുമാല അണിയിച്ചത്. കഴിഞ്ഞ ദിവസം ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ 25-ാം പിറന്നാള്‍ ആഘോഷത്തിനിടെ 5 കോടി രൂപയുടെ നോട്ടുമാല അണിയിച്ചതിന് മായാവതി രൂക്ഷമായ വിമര്‍ശനത്തിനിരയായിരുന്നു.

നോട്ട്മാല വിവാദത്തില്‍ പാര്‍ട്ടി നടപടിയെ ന്യായികരിച്ച് യു പി പൊതുമരാമത്ത വകുപ്പ് മന്ത്രി നസീമുദ്ദീന്‍ സിദ്ദിഖി രംഗത്തെത്തി. മായാവതി എവിടപ്പോയാലും ഞങ്ങള്‍ അവരെ സ്വീകരിക്കും. പുഷ്പങ്ങള്‍ കൊണ്ടല്ല, നോട്ടുമാല അണിയിച്ചാകും സ്വീകരിക്കുക അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം അണിയിച്ച നോട്ടുമാല അഞ്ചു കോടി രൂപയുടേതാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. 21 ലക്ഷം രൂപ മാത്രമാണ് ഇതിനായി ചെലവഴിച്ചതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ശേഖരിച്ച പണം ഉപയോഗിച്ചാണ് ആ മാല നിര്‍മ്മിച്ചതെന്നും നസീമുദ്ദീന്‍ സിദ്ദിഖി മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.