ലക്ക്‌നൗ:ഗ്രേയ്റ്റര്‍ നോയിഡ പ്രക്ഷോഭത്തില്‍ കര്‍ഷകര്‍ക്കു പിന്തുണ പ്രഖ്യാപിച്ചെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയ്‌ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി രംഗത്തെത്തി.

പ്രതിപക്ഷക്ഷികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിക്കുകയാണെന്നും ഭൂമി  ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്‌നവുമില്ലെന്നും മായാവതി പറഞ്ഞു. 2009 ല്‍ 438 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. 300 കോടി രൂപ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് നല്‍കിയിട്ടുമുണ്ട്.

യമുന എക്‌സ്പ്രസ് വേ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് കൂടുതല്‍ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഭട്ട പര്‍സോല്‍ ഗ്രാമത്തിലെത്തിയ രാഹുല്‍ഗാന്ധിയെ  കഴിഞ്ഞ ബുധനാഴ്ച പോലീസ് അറസ്റ്റുചെയ്തിരുന്നു. കൂടുതല്‍ ജനങ്ങള്‍ സമരങ്ങളിലേക്ക് കടന്നുവരുന്നത് തടയാനാണ് അറസ്‌റ്റെന്ന് യു.പി സര്‍ക്കാര്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് രാജ്‌നാഥ് സിംഗിനെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.