ന്യൂ ദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവുമായ മയാവതി ചെരുപ്പ് കൊണ്ടുവരാന്‍ ഒഴിഞ്ഞ വിമാനം അയച്ചെന്ന് രേഖപ്പെടുത്തിയ യു. എസ്. നയതന്ത്ര സന്ദേശം വിക്കിലീക്‌സ് പുറത്തു വിട്ടു. മായാവതിക്ക് പുതിയ ചെരുപ്പ് ആവശ്യമായി വന്നപ്പോള്‍ ഇഷ്ട ബ്രാന്‍ഡ് കിട്ടുന്നതിനായി സ്വകാര്യ ജെറ്റ് മുംബൈയിലേക്ക് അയച്ചതായാണ് രേഖകളിലുള്ളത്. ഒരു ജോഡി ചെരുപ്പ് കൊണ്ട് വരാന്‍ ഒഴിഞ്ഞ ജെറ്റു വിമാനം മായാവതി നിര്‍ദേശിച്ച കാര്യമടങ്ങുന്ന സന്ദേശം 2008 ഒക്ടോബര്‍ 23നാണ് അയച്ചത്.

തന്റെ സുരക്ഷയെക്കുറിച്ച് തീരാത്ത ആധിയുണ്ട് മായാവതിക്ക്. ഇത് ഏറെക്കുറെ ചിത്തഭ്രമം പോലെ ആയിരിക്കുന്നു. വധിക്കാന്‍ ശ്രമിക്കുമെന്ന ഭയം മൂലം ഭക്ഷണം രുചിച്ചു നോക്കാന്‍ പോലും ആളെ നിയമിച്ചിട്ടുണ്ട്. തന്റെ വസതിയില്‍ ഓഫീസിലേക്ക് സ്വകാര്യ റോഡും നിര്‍മ്മിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വരുന്നതിന് തൊട്ട് മുന്‍പ് റോഡ് വൃത്തിയാക്കാറുണ്ട്. സുരക്ഷയെ സംബന്ധിച്ച് അവര്‍ക്കുള്ള ആശങ്കയാണ് ഇതെല്ലാം കാണിക്കുന്നതെന്ന് സന്ദേശത്തില്‍ പറയുന്നു. പ്രോട്ടോകോളില്‍ എന്തെങ്കിലും ചെറിയ പിഴവ് വരുത്തിയാല്‍ ഉദ്യോഗസ്ഥരെ ഏത്തമിടീക്കുന്നത് മയാവതിയുടെ പതിവായിരിക്കുന്നുവെന്നും യു. എസ്. സന്ദേശം പറയുന്നു.

ദലിതുകളടക്കമുള്ള പിന്നോക്ക സമുദായക്കാരുടെ ‘രക്ഷക’യായ മയാവതിയെ പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം മനസ്സില്‍ വെച്ച് നടക്കുന്ന ‘ഒഴിയാബാധ’യെന്നാണ് നയതന്ത്ര സന്ദേശത്തില്‍ വിശേഷിപ്പിക്കുന്നത്. ഇതേക്കുറിച്ച് മയാവതിയോ മുഖ്യമന്ത്രിയുടെ ഓഫീസോ പ്രതികരിച്ചിട്ടില്ല.