ഭുവനേശ്വര്‍: ഒറീസ്സയിലെ മാര്‍കന്‍ഗ്രി ജില്ലാകലക്ടറെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. ഈ പ്രദേശത്ത് വിന്യസിച്ചിരുക്കുന്ന സൈന്യത്തെ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് മാവോയിസ്റ്റുകള്‍ കലക്ടറെ തട്ടിക്കൊണ്ടുപോയത്.

സീനിയര്‍ ഐ.എ.എസ് ഓഫീസര്‍ കലക്ടര്‍ ആര്‍ വിനീല്‍ കൃഷ്ണയാണ് മാവോവാദികളുടെ പിടിയിലായത്. ചിത്രകോണ്ട പ്രദേശത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു കലക്ടര്‍.കലക്ടറുടെ കൂടെ മറ്റ് ചില ഉദ്യോഗസ്ഥര്‍ കൂടിയുണ്ടായിരുന്നു. ഇവരും മാവോവാദികളുടെ കസ്റ്റിഡിയിലാണ്.

31 കാരനായ വിനീല്‍ കൃഷ്ണ 2005 മുതല്‍ സര്‍വീസിലുണ്ട്. പതിനാറ് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ മാല്‍കന്‍ഗിരി കലക്ടറായി ചുമതലയേറ്റത്. കൃഷ്ണയോടൊപ്പം കാണാതായവരില്‍ രണ്ട് പേര്‍ എഞ്ചിനീയര്‍മാരാണ്. ഇതില്‍ ഒരാളെ ഇന്നലെ വിട്ടയച്ചിരുന്നു. നാല്‍പത്തിയെട്ടു മണിക്കൂറിനുള്ളില്‍ സൈന്യത്തെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു കുറിപ്പും ഇയാളുടെ കൈവശം കൊടുത്തിവിട്ടിരുന്നു.

എന്നാല്‍ തട്ടിക്കൊണ്ടുപോയത് മാവോയിസ്റ്റുകളാണെന്ന് ഉറപ്പായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മാവോയിസ്റ്റ് സ്വാധീനമുള്ള 60 സ്ഥലങ്ങളിലെ കലക്ടര്‍മാരുമായി ആഭ്യന്തരമന്ത്രി പി.ചിദംബരം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കലക്ടറെ കാണാതായത്.