മൈസൂര്‍: അതിര്‍ത്തിയിലെ വനത്തില്‍ കണ്ടത് മാവോയിസ്റ്റുകളാണെന്നതില്‍ സ്ഥിരീകരണമില്ലെന്ന് മൈസൂര്‍ ഐ.ജി രാമചന്ദ്രറാവു. ഇവര്‍ മാവോയിസ്റ്റുകളാണെന്നത് സംശയം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Ads By Google

നാളെ മുതല്‍ കേരള തമിഴ്‌നാട് പോലീസുകാര്‍ സംയുക്തമായി അതിര്‍ത്തി വനത്തില്‍ തിരച്ചില്‍ നടത്തുമെന്നും ഐ.ജി പറഞ്ഞു.

അതിര്‍ത്തിയില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.

കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന കാഞ്ഞിരക്കൊല്ലിയിലെ ചിറ്റാരി കോളനിയില്‍ കഴിഞ്ഞ ദിവസം എത്തിയ സംഘം കോളനിയില്‍  ലഘുലേഖകള്‍ വിതരണം ചെയ്തതായി പോലീസ് അറിയിക്കുകയും ചെയ്തു.

വര്‍ഗീസ് ദിനമായ 18ന് സായുധ വിപ്ലവം നടത്താന്‍ ആഹ്വാനം ചെയ്യുന്നതാണ് ലഘുലേഖകള്‍. ഭൂമിയില്ലാത്തവര്‍ വലിയ ചൂഷണത്തിന് വിധേയരാവുകയാണ്. സര്‍ക്കാരിനെതിരെ സായുധ ആയുധമെടുത്ത് പോരാടാനും ലഘുലേഖയില്‍ പറയുന്നു. പശ്ചിമഘട്ടം സോണ്‍ കമ്മിറ്റി എന്ന പേരിലാണ് ലഘുലേഖ അച്ചടിച്ചിട്ടുള്ളത്.

രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരാണ് പോലീസിന് വിവരം നല്‍കിയത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കമാന്‍ഡോ സംഘം കണ്ണൂരിലേക്ക് തിരിച്ചു.

മാവോവാദികളാണെന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം ഭക്ഷണം ആവശ്യപ്പെടുകയും അതിനായി പണം നല്‍കുകയും ചെയ്‌തെന്നും പിന്നീട് സാധനങ്ങളുമായി കാട്ടിനുള്ളിലേക്ക് പോയെന്നും ദൃക്‌സാക്ഷി പറയുന്നു.

മാവോയിസ്റ്റ് ആക്രമണ ഭീഷണിയുള്ള കണ്ണൂര്‍, വയനാട് ജില്ലകളിലെ അഞ്ച് പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ബുധനാഴ്ച രാത്രി കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശമായ കണ്ണൂരിലെ കാനംവയല്‍ മങ്കുണ്ടിയിലും മാവോവാദിസംഘത്തെ കണ്ടതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി ജില്ലകളിലും വനപ്രദേശത്തും തിരച്ചില്‍ ആരംഭിച്ചിരുന്നു.

അതേസമയം, വയനാട്ടിലെ പുല്‍പ്പള്ളി, തിരുനെല്ലി ഭാഗങ്ങളില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിപ്പിച്ച സംഭവത്തില്‍ പോരാട്ടം എന്ന സംഘടനയുടെ നേതാവ് സി.കെ ഗോപാലനെ പോലീസ് അറസ്റ്റ് ചെയ്തു.

സ്ഥലത്ത് മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് ഇയാളെ പിടിച്ചതെന്നാണ് പോലീസ് പറയുന്നത്.