ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രശസ്ത നടന്‍ പങ്കജ് കപൂര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘മോസം’ ടൊറന്റോ ചലച്ചിത്ര മേളയില്‍ നിന്നും പുറന്തള്ളപ്പെട്ടു. മേള തുടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ചിത്രം പുറന്തള്ളപ്പെട്ടത്.

ടൊറോന്റോയില്‍ ലോകമാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. ടൊറോന്റോയില്‍ ഈ ആഴ്ച പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ചിത്രം ഇന്ത്യയില്‍ നിന്നും ഔദ്യാഗികമായ അനുമതി ലഭിക്കാത്തതിനാലാണ് മേളയില്‍ നിന്നും നീക്കിയത്. ഇന്ത്യന്‍ ഫിലിം ബോര്‍ഡിന്റെയും എയര്‍ ഫോഴ്‌സിന്റെയും അനുമതി ലഭിക്കാന്‍ താമസിച്ചതോടെയാണ് നടപടിയുണ്ടായതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ ശീതള്‍ തല്‍വാര്‍ പറഞ്ഞു.

ചിത്രത്തില്‍ പഞ്ചാബില്‍ നിന്നുള്ള എയര്‍ഫോഴ്‌സ് ഉദ്യാഗസ്ഥന്റെ റോളിലാണ് പങ്കജ് കപൂറിന്റെ മകന്‍ ഷാഹിദ് കപൂര്‍ അഭിനയിക്കുന്നത്. കാശ്മീരില്‍ നിന്നുള്ള ഒരു വനിത (സോനംകപൂര്‍) യുമായുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എയര്‍ഫോഴ്‌സിന്റെ ചിത്രങ്ങള്‍ ഉപയാഗിക്കുന്നതിനുള്ള അവസാനവട്ട അനുമതിക്കായി കാത്തിരിക്കുകയാണ് ചിത്രം വിതരണത്തിനെത്തിക്കുന്ന ഇറോസ് ഇന്റര്‍നാഷണല്‍.