എഡിറ്റര്‍
എഡിറ്റര്‍
മട്ടന്നൂര്‍ നഗരസഭ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി
എഡിറ്റര്‍
Wednesday 5th September 2012 9:53am

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. ആകെയുള്ള 34 വാര്‍ഡുകളില്‍ 20 വാര്‍ഡുകളും നേടിയാണ് എല്‍.ഡി.എഫ് തുടര്‍ച്ചയായ നാലാം തവണയും നഗരസഭയില്‍ അധികാരം പിടിച്ചത്.

തിരഞ്ഞെടുപ്പില്‍ 83.86 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണത്തേതിനേക്കാള്‍ പോളിങ് രണ്ടുശതമാനം കൂടി. 2007ല്‍ 81.8 ശതമാനമായിരുന്നു പോളിങ്. 34 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

Ads By Google

ഒന്നാം വാര്‍ഡായ മണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുഞ്ഞിക്കണ്ടി വിജയന്‍ 263 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ലീഗിന്റെ വിമത സ്ഥാനാര്‍ത്ഥിയായ നജ്മ രംഗത്തുണ്ടായിട്ടും അഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ കെ.ഉഷ വിജയിച്ചു. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനാത്തായി.

രണ്ടാം വാര്‍ഡില്‍ സി.പി.ഐ.എമ്മിലെ കെ.സുഷമയും തിരഞ്ഞെടുക്കപ്പെട്ടു. 16 ാം വാര്‍ഡായ പെരിഞ്ചേരിയില്‍ എല്‍.ഡി.എഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി കെ.ഭാസ്‌കരന്‍ വിജയിച്ചു. മൂന്നാം വാര്‍ഡും 20 ാം വാര്‍ഡായ കൈലിയും എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. കോണ്‍ഗ്രസിലെ സുബൈദ ടീച്ചറാണ് കൈലിയില്‍ വിജയിച്ചത്.

രണ്ടാം വാര്‍ഡില്‍ യു.ഡി.എഫിനെ പിന്തള്ളി ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി.

അതേസമയം എല്‍.ഡി.എഫിന്റെ കോട്ടയായ മട്ടന്നൂരില്‍ യു.ഡി.എഫ് ഇത്തവണ വന്‍ മുന്നേറ്റമാണുണ്ടാക്കിയത്‌. കഴിഞ്ഞ തവണ കേവലം ആറ് സീറ്റ് മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 14 സീറ്റാണ് യു.ഡി.എഫ് നേടിയത്. കഴിഞ്ഞ തവണയെ അപേക്ഷിച്ച് ഇരട്ടിയിലും അധികം സീറ്റുകള്‍ നേടാനായതും ശ്രദ്ധേയമാണ്.

എല്‍.ഡി.എഫ് 22, യു.ഡി.എഫ് 6 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ കക്ഷിനില. കഴിഞ്ഞതവണ എല്‍.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന അഞ്ച് സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു.

ഒപ്പം പുതുതായി രൂപവത്കരിച്ച 3 സീറ്റുകളും യു.ഡി.എഫ് നേടി. നഗരസഭ രൂപീകരിച്ചനാള്‍ മുതല്‍ എല്‍.ഡി.എഫാണ് മട്ടന്നൂര്‍ ഭരിക്കുന്നത്. മട്ടന്നൂര്‍ നഗരസഭയുടെ ചരിത്രത്തില്‍ യു.ഡി.എഫിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.

ആകെ 103 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. മൂന്ന് വാര്‍ഡുകള്‍ ഇത്തവണ കൂടി. ബേരം, കൊക്കയില്‍, കളറോഡ് എന്നീ മൂന്ന് വാര്‍ഡുകളിലും യു.ഡി.എഫ് വിജയിച്ചു. ബുധനാഴ്ച മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ തുടങ്ങി.

Advertisement