എഡിറ്റര്‍
എഡിറ്റര്‍
സോഷ്യല്‍ മീഡിയയിലെ വെല്ലുവിളി സ്വീകരിച്ച് വേണു സൂപ്പര്‍ പ്രൈം ടൈമില്‍; സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവം പ്രൈം ടൈം ചര്‍ച്ചയ്‌ക്കെടുത്ത് മാതൃഭൂമി ചാനല്‍, വീഡിയോ കാണാം
എഡിറ്റര്‍
Wednesday 26th July 2017 10:50pm

കോഴിക്കോട്: സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ മാതൃഭൂമി ന്യൂസിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസ് അറസ്റ്റിലായ സംഭവം പ്രൈം ടൈമില്‍ ചര്‍ച്ചയാക്കി മാതൃഭൂമി. മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലായ സംഭവം ചര്‍ച്ചയ്‌ക്കെടുക്കാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ചുകൊണ്ട് മാതൃഭൂമി പ്രൈം ടൈം അവതാരകന്‍ വേണുവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ വിഷയം ചാനല്‍ ചര്‍ച്ചയ്‌ക്കെടുത്തത്.

പ്രശസ്ത അഭിഭാഷകനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ.സെബാസ്റ്റിയന്‍ പോള്‍, അഡ്വ.മായ, സി.ആര്‍. നീലകണ്ഠന്‍, പി.ഗീത തുടങ്ങിയവര്‍ക്കൊപ്പം മാതൃഭൂമി എച്ച്.ആര്‍ മാനേജര്‍ ജി.ആനന്ദും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്ററായ അമല്‍ വിഷ്ണുദാസിനെയാണ് സഹപ്രവര്‍ത്തകയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.


Also Read:  വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് സഹപ്രവര്‍ത്തകയുടെ പരാതി; മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍


2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമെന്ന് പരാതിയില്‍ പറയുന്നു. അമല്‍ വിഷ്ണുദാസ് രോഗബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോള്‍ സഹപ്രവര്‍ത്തകയെന്ന രീതിയില്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് പ്രേമാഭ്യര്‍ത്ഥനയും വിവാഹ അഭ്യര്‍ത്ഥനയും അമല്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

താന്‍ വിവാഹിതനാണെങ്കിലും ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ബന്ധം ഡൈവോഴ്‌സിലെത്തി നില്‍ക്കുകയാണെന്നും ഡിവോഴ്സ് കിട്ടിയാല്‍ വിവാഹം കഴിക്കാമെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് രാത്രി ഷിഫ്റ്റിലടക്കം നിരന്തരം ഫോണ്‍സെക്‌സ് പതിവാക്കുകയും ഓഫീസിലും ലിഫ്റ്റിലും കാറിലും ഒക്കെവെച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും ആയിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ അമലിനെ ചാനലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ പരാതിക്കാരിയായ യുവതിയ്ക്കാണ് തങ്ങളുടെ പിന്തുണയെന്ന് എച്ച്.ആര്‍ മാനേജര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.

Advertisement