കൊച്ചി: അച്ചടിമാധ്യമരംഗത്തെ അതികായരായ മാതൃഭൂമി ടെലിവിഷന്‍ രംഗത്തേക്ക് കടക്കുന്നു. 24 മണിക്കൂര്‍ വാര്‍ത്താധിഷ്ഠിത ചാനല്‍ -മാതൃഭൂമി ന്യൂസ്- ഉടനേ പുറത്തിറങ്ങുമെന്നാണ് സൂചന. പ്രമുഖ ദേശീയ ചാനലായ എന്‍ ഡി ടി വിയുമായി സഹകരിച്ചായിരിക്കും ചാനലെന്നും റിപ്പോര്‍ട്ടുണ്ട്.

തിരുവനന്തപുരം ആസ്ഥാനമാക്കിയായിരിക്കും പുതിയ ചാനലെന്ന് മാതൃഭൂമി മാര്‍ക്കറ്റിംഗ്, ഇലക്ട്രോണിക്‌സ് വിഭാഗം തലവന്‍ എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. മേയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃഭൂമി ന്യൂസ് പുറത്തിറക്കാനാണ് തീരുമാനമെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Subscribe Us:

‘മാതൃഭൂമി ്‌ന്യൂസി’ന്റെ വരവോടെ കേരളത്തിലെ വാര്‍ത്താചാനല്‍ രംഗം കൂടുതല്‍ മല്‍സരത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പാണ്. നിലവില്‍ ഏഷ്യാനെറ്റ് ന്യൂസ്, ഇന്ത്യാ വിഷന്‍, കൈരളി പീപ്പിള്‍, മലയാള മനോരമ എന്നിവയാണ് 24 മണിക്കൂര്‍ വാര്‍ത്താചാനലുകളായി രംഗത്തുള്ളത്.

അതിനിടെ മറ്റുചില സ്വകാര്യ സംരഭകരും ടെലിവിഷന്‍ രംഗത്തേക്ക് കടക്കുന്നതായാണ് സൂചന. കേരള കൗമുദി, കെ മുരളീധരന്റെ കീഴിലുള്ള ജനപ്രിയ, സൂര്യ ടിവി എന്നിവയും മുഴുവന്‍ സമയ വാര്‍ത്താചാനല്‍ തുടങ്ങാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.